ക്രൈമിയയിലെ കോളജിൽ 19 പേർ കൊല്ലപ്പെട്ട സംഭവം; വെടിവയ്പ്പ് നടത്തിയത് വിദ്യാർഥി

ക്രൈമിയയിലെ കോളജിൽ വിദ്യാർഥിയുടെ വെടിവയ്പ്പിൽ 19 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു സമർപ്പിച്ച പാവകൾ. ചിത്രം: എഎഫ്പി

ക്രൈമിയ ∙ കോളജിൽ വെടിയേറ്റു 19 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ വിദ്യാർഥിയെന്ന് റിപ്പോർട്ടുകൾ. ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു നേരത്തെ വാർത്തകളുണ്ടായിരുന്നു.

ആക്രമണം നടത്തിയ പതിനെട്ടുകാരനായ വ്ലാഡിസ്ലാവ് റൊസ്ലിയകോവിനെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി.  ഏതാനും അധ്യാപകരോട് ദേഷ്യമുണ്ടായിരുന്ന യുവാവ് മുൻപ് അവരോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞിരുന്നതായി സഹപാഠി മൊഴി നൽകിയെന്നു പൊലീസ് അറിയിച്ചു. സംഭവത്തിൽ 39 പേർക്കു പരുക്കേറ്റു. ഇതിൽ ആറു പേരുടെ നില അതീവഗുരുതരവും എട്ടു പേരുടെ നില ഗുരുതരവുമാണ്.

ക്രൈമിയയിലെ കോളജിൽ വിദ്യാർഥിയുടെ വെടിവയ്പ്പിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു. ചിത്രം: എഎഫ്പി

നാലു വർഷം മുൻപ് യുക്രെയ്നിൽ നിന്നു റഷ്യയുടെ ഭാഗമായ ക്രൈമിയയിലെ കെർച്ച് നഗരത്തിലെ കോളജിലാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പുണ്ടായത്. 2015–ലാണ് വ്ലാഡിസ്ലാവ് കോളജിൽ ചേർന്നത്. കോളജിലെ ഭക്ഷണശാലയിൽ സ്ഫോടനം ഉണ്ടായെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. പിന്നീട് ഇത് വെടിവയ്പ്പാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. മെഷീൻ ഗൺ ഉപയോഗിച്ചായിരുന്നു യുവാവിന്റെ ആക്രമണം.