താരപ്രചാരകരായി സിദ്ദുവും അസ്ഹറുദ്ദീനും; കോണ്‍ഗ്രസ് ഛത്തിസ്ഗഢ് പിടിക്കുമോ?

നവ്ജോത് സിങ് സിദ്ദു, മുഹമ്മദ് അസ്ഹറുദ്ദീൻ (ഫയൽ ചിത്രം)

റായ്പുർ∙ അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തിസ്ഗഢിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയവർക്കൊപ്പം താര പ്രചാരകരായി നവ്ജോത് സിങ് സിദ്ദുവും മുഹമ്മദ് അസ്ഹറുദ്ദീനും. രണ്ടു ഘട്ടങ്ങളിലായാണു ഛത്തിസ്ഗഢിലെ പോളിങ്. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ താര പ്രചാരകരായ 40 പേരുടെ പട്ടിക കോൺഗ്രസ് ബുധനാഴ്ച പുറത്തിറക്കിയിരുന്നു. നവംബർ 12നും 20നുമാണ് ഛത്തിസ്ഗഢിലെ തിരഞ്ഞെടുപ്പ്.

ഇവരെക്കൂടാതെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, സുഷീൽ കുമാർ ഷിൻഡെ, പി.എൽ. പുനിയ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, ഗുലാം നബി ആസാദ്, രാജ് ബബ്ബർ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും പട്ടികയിലുണ്ട്.

നക്സൽ ബാധിത മേഖലയിലെ എട്ടു മണ്ഡലങ്ങളുൾപ്പെടെ 18 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ബസ്തർ, ബിജാപുർ, ദണ്ഡേവാഡ, സുക്മ, കൊണ്ടാഗാവ്, കാങ്ഗർ, നാരായൺപുർ, രാജ്നന്ദ്ഗാവ്. അതേസമയം, കോൺഗ്രസ് ഇതുവരെ ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ‌

15 വർഷമായി ബിജെപി അധികാരത്തിലിരിക്കുന്ന ഛത്തിസ്ഗഢിൽ വൻ തിരിച്ചുവരവാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പിൽ 90 സീറ്റിൽ 49 എണ്ണത്തിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് 39ലും ബിഎസ്പിയും സ്വതന്ത്രനും ഓരോ സീറ്റിലും ജയം നേടിയിരുന്നു.