സൈനികരുടെ വീരമൃത്യു; പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി∙ പാക്ക് നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റമുട്ടലിൽ മൂന്നു ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഞായറാഴ്ചയാണു ജമ്മു കശ്മീരിലെ സുന്ദര്‍ബാനി മേഖലയിൽ നിയന്ത്രണരേഖ ലംഘിച്ച രണ്ടു നുഴഞ്ഞുകയറ്റക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ വകവരുത്തിയത്.

സംഭവത്തിൽ മൂന്നു ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു. അതിർത്തിയിൽ പാക്കിസ്ഥാൻ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിലും ഇന്ത്യയുടെ സമാധാന ശ്രമങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ ഏറ്റെടുക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്ത്യൻ മണ്ണിലെ ഭീകര പ്രവർത്തനങ്ങൾക്കും വെടിനിർത്തൽ ലംഘനങ്ങൾക്കും തടയിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു സൈന്യം തിങ്കളാഴ്ച പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയിരുന്നു. 2003ൽ ധാരണയായ വെടിനിർത്തൽ കരാറിനു ശേഷം ഇതുവരെ 1,591 പ്രാവശ്യം പാക്കിസ്ഥാൻ കരാർ ലംഘിച്ചിട്ടുണ്ട്.