വിപണി നില മെച്ചപ്പെടുത്തി ക്ലോസിങ്; രൂപയ്ക്കും മൂല്യവർധന

കൊച്ചി∙ ഓഹരി വിപണിയിൽ നേരിയ ഉയർച്ചയോടെ ക്ലോസിങ്. നിഫ്റ്റി കഴി‍ഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 0.77% ഉയർന്ന് 10224.75ലും സെൻസെക്സ് 0.55% ഉയർച്ചയിൽ 34033.96ലും ക്ലോസ് ചെയ്തു. ഇന്നലെ ഏഴു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ ക്ലോസ് ചെയ്തെങ്കിലും ഇന്നുണ്ടായ വർധന വിപണിയിൽ പുത്തൻ പ്രതീക്ഷകൾ നൽകിയിട്ടുണ്ടെന്നാണു വിലയിരുത്തൽ.

രാവിലെ നിഫ്റ്റി 10278.15നും സെൻസെക്സ് 34203.70നുമാണു വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഇന്ന് ഒരു വേള 10126.70 വരെയും സെൻസെക്സ് 34300.97 വരെയും എത്തിയിരുന്നു. വരും ദിവസം നിഫ്റ്റിയിൽ 10300 ആയിരിക്കും റെസിസ്റ്റൻസ് ലവൽ. ഇതു കടന്നു വ്യാപാരം ഉണ്ടായാൽ ഒരുപക്ഷേ, 10520 വരെ എത്തിയേക്കാമെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. പ്രവണത താഴേയ്ക്കാണു പ്രകടമാകുന്നതെങ്കിൽ 10130 മുതൽ 10000 വരെയും ഇടിഞ്ഞേക്കാം. എന്നാൽ അടുത്ത ദിവസങ്ങളിലും പോസറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വിലയിരുത്തി.

റിയൽറ്റി, ഫിനാൻഷ്യൽ സർവീസ്, മെറ്റൽ, മീഡിയ, ബാങ്കിങ് സെക്ടറുകൾ നില മെച്ചപ്പെടുത്തി. ഫാർമയാണു വിപണിയിൽ ഉയർച്ച ദൃശ്യമാകാതിരുന്ന സെക്ടർ. വിപണിയിൽ 956 സ്റ്റോക്കുകൾ ഉയർച്ച രേഖപ്പെടുത്തിയപ്പോൾ 794 സ്റ്റോക്കുകൾ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ഹിന്ദു പെട്രോ, ഐഒസി ഷെയറുകൾ ലാഭത്തിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ബജാജ് ഓട്ടോ, യെസ്ബാങ്ക്, ഡോ. റെഡ്ഡി, ഗ്രാസിം ഷെയറുകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണിയിൽ പോസറ്റീവായാണു ട്രേ‍ഡിങ് പുരോഗമിക്കുന്നത്. ഏഷ്യൻ വിപണി സമ്മിശ്ര പ്രവണതയോടെയാണു ക്ലോസ് ചെയ്തത്.

ഇന്ത്യൻ കറൻസി ഡോളറിനോടു കാര്യമായി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 73.55നാണ് ക്ലോസ് ചെയ്തതെങ്കിൽ നിലവിൽ നില മെച്ചപ്പെടുത്തി 73.18നാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല.