ഒാഹരി വിപണിയിൽ നേരിയ ഉണർവ്; രൂപയ്ക്ക് വില ഉയർന്നു

കൊച്ചി∙ ഓഹരി വിപണി ഇന്നലെ ഏഴുമാസത്തെ ഏറ്റവും താഴ്ന നിലയിൽ ക്ലോസ് ചെയ്തെങ്കിലും രാവിലെ നേരിയ ഉണർവോടെ വ്യാപാരത്തിന് തുടക്കം. യുഎസ്, യൂറോപ്പ് വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തതെങ്കിലും ഏഷ്യൻ വിപണിയിൽ പ്രകടമായ നേരിയ ഉയർച്ചയും ക്രൂഡ് വില കുറഞ്ഞതും ഇന്ത്യൻ രൂപയ്ക്കുണ്ടായ മൂല്യവർധനയും നൽകിയ പ്രതീക്ഷയിലാണ് നിക്ഷേപകരെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ഇന്നലെ 10146.80 പോയിന്റിൽ ക്ലോസ് ചെയ്ത നിഫ്റ്റി 10278.15ലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സാകട്ടെ 33847.23ലാണ് ക്ലോസ് ചെയ്തതെങ്കിലും 34203.70 ന് ഓപ്പൺ ചെയ്തു. ഒരു വേള 34300.97 വരെ സെൻസെക്സ് വ്യാപാരം എത്തിയെങ്കിലും തുടർന്ന് നില കാര്യമായി മെച്ചപ്പെടുത്താനായിട്ടില്ല. നിഫ്റ്റി ഇന്ന് 10300ന് താഴെയാണ് വ്യാപാരമെങ്കിൽ 10150 മുതൽ 10100 വരെ താഴാനിടയുണ്ട്. 10300 ആയിരിക്കും ഇന്നത്തെ റെസിസ്റ്റൻസ് ലവലായി വിലയിരുത്തുന്നത്.

റിയൽറ്റി, ഫിനാൻസ് സർവീസ്, ബാങ്ക്, മെറ്റൽ സെക്ടറുകളാണ് വിപണിയിൽ പോസറ്റീവ് പ്രവണത ദൃശ്യമാക്കുന്നത്. ഫാർമ, ഐടി, ഓട്ടോ സെക്ടറുകളിൽ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വിപണിയിൽ 959 ഷെയറുകൾ പോസിറ്റീവായും 686 ഷെയറുകൾ നെഗറ്റീവായുമാണ് വ്യാപാരം നടത്തുന്നത്. ബജാജ് ഫിനാൻസ്, ബിപിസിഎൽ, ഹിന്ദു പെട്രോ, ഹിന്ദാൽകോ ഷെയറുകൾ പോസറ്റീവായും ഡോ. റെഡ്ഡി, ടെക് മഹിന്ദ്ര, ബജാജ് ഫിനാൻസ് സർവീസ്, വിപ്രോ ഷെയറുകൾ നഷ്ടത്തിലുമാണ്.

ഡോളറിനെതിരെ ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ക്ലോസ് ചെയ്യുമ്പോൾ 73.55 ആയിരുന്നെങ്കിൽ ഇപ്പോൾ 73.30 നാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായതും ഓഹരി വിപണിയിൽ പ്രതീക്ഷ നൽകുന്നുണ്ട്.

രാജ്യാന്തര തലത്തിൽ പുകയുന്ന പ്രശ്നങ്ങൾ യുഎസ്, യൂറോപ്പ് വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം സ്വാഭാവികമായും ഇന്ത്യൻ വിപണിയലും ദൃശ്യമാകും എന്നു തന്നെയാണ് വിലയിരുത്തൽ. ഖഗോഷി വധം വിവാദമായ പശ്ചാത്തലത്തിൽ സൗദിയോടുള്ള യുഎസ് നിലപാട് എന്താകുമെന്ന ആശങ്കയും യുഎസ് ചൈന വ്യാപാരയുദ്ധവുമെല്ലാം വിപണികളിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിനിടെ യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ വർധന മറ്റുകറൻസികളെ എല്ലാം ദുർബലമാക്കിയിട്ടുണ്ട്.