ശ്രീനഗറിലെ നൗഗാമിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; രണ്ടു ഭീകരർ കൊല്ലപ്പെട്ടു

ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം)

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ശ്രീനഗറിൽ നൗഗാം മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തെത്തുടർന്നു സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു. ഇതേത്തുടർന്നു ഭീകരർ വെടിയുതിർത്തു. സ്ഥലത്തെ പരിശോധന പൂർത്തിയാക്കുന്നതുവരെ പ്രദേശവാസികൾ അങ്ങോട്ടേക്കു പോകരുതെന്നു പൊലീസ് അറിയിച്ചു. അതേസമയം, മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാന്‍ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി.