‘നേരേ ശ്വസിക്കാൻ പോലും അനുവദിച്ചില്ല’: തടവിലെ നരക ജീവിതം വിവരിച്ച് യസൂദ

ജുംപി യസൂദ

ടോക്കിയോ ∙ ‘ഉറങ്ങുമ്പോൾ പോലും ഒരു തരത്തിലുള്ള ശബ്ദവും ഉണ്ടാക്കാൻ അവർ അനുവദിച്ചില്ല. മൂക്കിൽ കൂടി ശ്വസിക്കുന്നതിനുപോലും വിലക്കുണ്ടായിരുന്നു’ – സിറിയയിൽ, അൽ ഖായിദയുമായി ബന്ധമുള്ള ഭീകരസംഘം തട്ടികൊണ്ടു പോയി 40 മാസത്തോളം തടവിൽ പാർപ്പിച്ച ജാപ്പനീസ് പത്രപ്രവർത്തകൻ ജുംപി യസൂദയുടെ വാക്കുകളാണിത്. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മൂന്നു വർഷത്തെ നരക ജീവിതത്തെക്കുറിച്ച് യസൂദയുടെ വെളിപ്പെടുത്തൽ.

തടവിന്റെ ആദ്യത്തെ എട്ടു മാസം ഒന്നര മീറ്റർ ഉയരവും ഒരു മീറ്റർ മാത്രം വീതിയുമുള്ള ഇടുങ്ങിയ മുറിയിലാണു പാർപ്പിച്ചത്. എഴുന്നേറ്റു നിൽക്കാൻ പോലും സാധിച്ചിരുന്നില്ല. കുളിക്കുന്നതിനോ വസ്ത്രം കഴുകാനോ അനുവദിച്ചില്ല. കുളിക്കാത്തതു മൂലം തലയിൽ ഭയങ്കരമായ ചൊറിച്ചിൽ അനുഭവപ്പെടുമായിരുന്നു. എന്നാൽ ചൊറിഞ്ഞാൽ ശബ്ദമുണ്ടാകുന്നതു കൊണ്ട് അതു ചെയ്തില്ല. ഒരു ഘട്ടത്തിൽ 20 ദിവസം വരെ ഭക്ഷണം കഴിക്കാതെ കഴിയേണ്ടി വന്നു. അതുകാരണം ശരീരം വല്ലാതെ തളർന്നു. മരിച്ചു പോകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണു മറ്റൊരു സ്ഥലത്തേക്കു മാറ്റിയത്. അവിടെ എത്തിയപ്പോഴും ടിന്നിലടച്ച ഭക്ഷണമാണു നൽകിയത്, ഓപ്പണർ തന്നില്ല. മോചിപ്പിക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ വീണ്ടും ആ പഴയ ഇടുങ്ങിയ മുറിയിലേക്കു കൊണ്ടുപോയി. ജീവിതത്തിന്റെ അവസാനയാത്രയാണ് അതെന്നാണു വിചാരിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കുശേഷം തന്നെ മോചിപ്പിച്ചു – ജുംപി യസൂദ പറഞ്ഞു.

Jumpei-Yasuda-flight
മോചന ശേഷം ജുംപി യസൂദ വിമാനത്തിൽ.

ജപ്പാനിലേക്കു തിരിച്ചെത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നു യസൂദ പറഞ്ഞു. എന്നാൽ ഇനിയെന്തു സംഭവിക്കുമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2015ൽ തുർക്കിയിൽനിന്നു സിറിയയിൽ പ്രവേശിച്ചയുടനെയാണു യസൂദയെ ഭീകരസംഘം തട്ടിക്കൊണ്ടുപോയത്. ചാരവൃത്തി ആരോപിച്ചായിരുന്നു ഇത്. ഖത്തറിന്റെയും തുർക്കിയുടെയും ശ്രമഫലമായാണു യസൂദയെ മോചിപ്പിച്ചതെന്നു ജപ്പാൻ അറിയിച്ചു. 2004 ൽ ബഗ്ദാദിലും യസൂദ തടവിലാക്കപ്പെട്ടിരുന്നു.