കുട്ടികൾ ലഹരി ഉപയോഗം പഠിക്കുന്നത് പിതാവിൽ നിന്ന് : ഋഷിരാജ് സിങ്

ഋഷിരാജ് സിങ്

കൊച്ചി ∙ പുതിയ തലമുറയുടെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് ഉത്തരവാദികൾ മിക്കപ്പോഴും കുട്ടികളുടെ പിതാക്കന്മാരെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. തിരുവനന്തപുരത്തുള്ള വിമുക്തി കൗൺസിലിങ് സെന്ററുകളിലെത്തുന്ന കുട്ടികളാണ് ഇക്കാര‌്യം പറഞ്ഞതെന്നും കമ്മിഷണർ അറിയിച്ചു. തുടക്കത്തിൽ പിതാവിനെ അനുകരിച്ച് മദ്യവും സിഗരറ്റും ഉപയോഗിച്ചു തുടങ്ങുന്നവർ പിന്നെ ലഹരിമരുന്നുകളിലേയ്ക്കു തിരിയുന്നതായാണ് മനസ്സിലാകുന്നത്. കുട്ടികളെ തിരുത്താൻ ശ്രമിച്ചാൽ പിതാവ് ഉപയോഗിക്കുന്നുണ്ടല്ലോ എന്നാണ് പലപ്പോഴും മറുപടി കിട്ടുക എന്നും കമ്മിഷണർ പറഞ്ഞു. എറണാകുളത്ത് കച്ചേരിപ്പടിയിൽ എക്സൈസ് കോംപ്ലക്സിൽ ആരംഭിച്ച കൗൺസിലിങ് സെന്ററിന്റെ ഉദ്ഘാടനത്തിനിടെയാണ് ഋഷിരാജ് സിങ് പിതാക്കൻമാർ നൽകുന്ന തെറ്റായ മാതൃകയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.

ലഹരിമരുന്ന് ഉപയോഗത്തെ നേരിടാൻ മൂന്നു പദ്ധതികളാണ് എക്സൈസ് വകുപ്പിനുള്ളത്. സ്കൂളുകളിലും കോളജുകളിലും നേരിട്ടു ചെന്ന് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ എടുക്കുകയാണ് ഒരു പദ്ധതി. ഇതു പ്രകാരം കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് 13000 ക്ലാസുകൾ എടുത്തിട്ടുണ്ട്. താൻ നേരിട്ട് 600 ക്ലാസുകളിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുയാണ് അടുത്ത പദ്ധതി. ഇതു പ്രകാരം 50000 പേരെ ഒന്നര വർഷത്തിനുള്ളിൽ പിടികൂടിയിട്ടുണ്ട്. മൂന്നാമത്തെ പദ്ധതിപ്രകാരം ലഹരിമരുന്നിന് അടിമകളാക്കപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട മാനസിക ചികിത്സയും വേണ്ടി വന്നാൽ മരുന്നും നൽകുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് വിമുക്തി കേന്ദ്രങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. എറണാകുളം മെഡിക്കൽ കോളജിലെയും ജില്ലാ ആശുപത്രിയിലെയും കൗൺസിലിങ് സെന്ററുകളെകൂടി ശക്തിപ്പെടുത്തി ഈ പദ്ധതി കൂടുതൽ നന്നായി നടപ്പാക്കാനാകും. കൗൺസിലിങ്ങിനെത്തുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തെ കൗണ്‍സിലിങ് സെന്റർ എക്സൈസ് കമ്മിഷണർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നിലവിൽ ഒരു സൈക്കോളജിസ്റ്റും സോഷ്യൽ വർക്കറും ഉൾപ്പടെ രണ്ടു പേരായിരിക്കും കൗൺസിലിങ് നൽകുക. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ രഞ്ജിത് എ.എസ്, എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ, ജിസിഡിഎ ചെയർമാൻ വി. സലീം, അഡീഷനൽ എക്സൈസ് കമ്മിഷണർ എ. വിജയൻ ഐപിഎസ്, കൗണ്‍സിലർ ഗ്രേസി ബാബു ജേക്കബ്, മധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ എൻ.എസ്. സലിംകുമാർ, അസി. എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്) ടി.എ. അശോക് കുമാർ, കെഎസ്ഇഎസ്എ പ്രസിഡന്റ് കെ.കെ. രമേശൻ, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ വി.ടി. ജോബ് എന്നിവർ പ്രസംഗിച്ചു.