കനത്ത ഇടിവിൽ ഈയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

കൊച്ചി ∙ ഓഹരി വിപണി കനത്ത ഇടിവിൽ ഈയാഴ്ചത്തെ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റി ഓഗസ്റ്റിൽ കൈവരിച്ച എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിനെ അപേക്ഷിച്ച് 14.71% ഇടിവോടെയായിരുന്നു ക്ലോസിങ്. രാജ്യാന്തര തലത്തിൽ തുടരുന്ന അനിശ്ചിതത്വങ്ങളുടെ ചുവടുപിടിച്ച് എല്ലാ ഓഹരി വിപണികളിലും ഇടിവു പ്രവണത തുടരുകയാണെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. നിഫ്റ്റി 0.94% ഇടിവിൽ 10030 ന് ക്ലോസ് ചെയ്തു. സെൻസെക്സാകട്ടെ 1.01% ഇടിവിൽ 33349.78 നാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണിയിൽ ഒരു ശതമാനത്തിലധികം ഇടിവിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യൻ വിപണിയിലും ഇടിവ് പ്രവണതയാണ്.

നിഫ്റ്റി അടുത്തയാഴ്ച വ്യാപാരം 10000 എന്ന സപ്പോർട്ടിങ് ലവലിന് മുകളിൽ തുടരുകയാണെങ്കിൽ തുടർ ദിവസങ്ങളിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ സ്ഥിരത കൈവരിച്ചേക്കാം എന്നാണു വിലയിരുത്തൽ. ഇവിടെനിന്ന് താഴേക്കു പോകുന്ന സാഹചര്യത്തിൽ വിൽപന പ്രവണത ശക്തമാകാനും 9850 എന്ന നിലയിലേയ്ക്ക് ഇടിയാനും സാധ്യതയുണ്ട്. വിപണിയിൽ ഉയർച്ചയുടെ പ്രവണത ദൃശ്യമായി തുടങ്ങുകയാണെങ്കിൽ ഇത് 10130 – 10165 – 10250 എന്ന റെസിസ്റ്റൻസ് ലവലിൽ എത്തിയേക്കാം.

ഇന്ത്യൻ വിപണിയിൽ ഇന്ന് എല്ലാ സെക്ടറുകളും നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഇതിൽ ബാങ്ക് സെക്ടറുകൾക്കാണ് അധികം നഷ്ടം നേരിട്ടത്. ഐടി, എഫ്എംസിജി, മെറ്റൽസ് സെക്ടറുകളിലും കാര്യമായ നഷ്ടമുണ്ടായി. എന്നാൽ 747 സ്റ്റോക്കുകൾ ലാഭത്തിലും 964 സ്റ്റോക്കുകൾ നഷ്ടത്തിലും ക്ലോസ് ചെയ്തു. യുപിഎൽ, ടൈറ്റാൻ, ബജാജ് ഓട്ടോ, ടാറ്റോ മോട്ടോഴ്സ് എന്നിവയാണ് ലാഭത്തിൽ ക്ലോസ് ചെയ്ത സ്റ്റോക്കുകൾ.

യെസ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് എന്നീ സ്റ്റോക്കുകളാണ് കാര്യമായ നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇന്ന് ഇടിവാണുണ്ടായത്. ഇന്നലെ 73.28ൽ ക്ലോസ് ചെയ്ത കറൻസി ഇപ്പോൾ 73.40നാണ് വ്യാപാരം തുടരുന്നത.് ക്രൂഡോയിൽ വിലയിൽ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.