ഇതാണു നയമെങ്കിൽ ‘ചില നടപടി’ നേരിടേണ്ടി വരും: പാക്കിസ്ഥാനോട് ഇന്ത്യ

ബിപിൻ റാവത്ത്

ന്യൂഡൽഹി∙ അതിർത്തി കടന്നുള്ള ഭീകരവാദത്തെ സഹായിക്കാനാണു ഇനിയും പാക്കിസ്ഥാന്റെ തീരുമാനമെങ്കിൽ ‘ചില നടപടികൾ’ എടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ സേന. ഇൻഫെൻട്രി ദിനത്തോടനുബന്ധിച്ചു മാധ്യമങ്ങളോടു സംസാരിക്കവേ, സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ആണ് പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്.

ജമ്മു കശ്മീരിലേക്കു ഭീകരരെ കടത്തിവിടുന്നതു പാക്കിസ്ഥാൻ അവസാനിപ്പിക്കണം. ഭീകർക്ക് ഒളിത്താവളവും സഹായവും നൽകുന്നത് നിർത്തണം. അതിർത്തി സംരക്ഷിക്കാൻ കടുത്ത നടപടികൾ എടുക്കാൻ ഇന്ത്യ സജ്ജമാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ആർക്കുമത് ഒരുതരത്തിലും എടുത്തുമാറ്റാനാകില്ല– റാവത്ത് പറഞ്ഞു.

നമ്മുടെ അതിർത്തി കടന്നെത്തുന്ന എല്ലാ നുഴഞ്ഞുകയറ്റങ്ങളും അവസാനിപ്പിക്കുന്നുണ്ട്. പക്ഷേ, പാക്കിസ്ഥാൻ പിന്നെയും ഭീകരരെ നുഴഞ്ഞുകയറ്റത്തിനു സഹായിക്കുകയാണെങ്കിൽ മറ്റു ചില നടപടികൾ നേരിടേണ്ടി വരുമെന്നും സേനാ മേധാവി വ്യക്തമാക്കി. സിറിയയേക്കാൾ 3 മടങ്ങു ഭീഷണിയാണ് പാക്കിസ്ഥാനിലെ ഭീകരവാദമെന്നു ഓക്സഫ്ഡ് യൂണിവേഴ്സിറ്റി പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.