ലെസ്റ്റർ സിറ്റി ഉടമയുടെ ഹെലികോപ്റ്റർ തകർന്നു; അപകടം പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം

ലെസ്റ്റർ സിറ്റി ഉടമ വിചായ് ശ്രീവധനപ്രഭയുടെ ഹെലികോപ്റ്റർ അഗ്നിക്കിരയായപ്പോൾ (ഇടത്), വിചായ് ശ്രീവധനപ്രഭ (വലത്)

ലണ്ടൻ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ലെസ്റ്റർ സിറ്റിയുടെ ഉടമ വിചായ് ശ്രീവധനപ്രഭയുടെ സ്വകാര്യ ഹെലികോപ്റ്റർ തകർന്നു. ക്ലബ്ബിന്റെ ലെസ്റ്ററിലെ ഹോം ഗ്രൗണ്ടായ കിങ് പവർ സ്റ്റേഡിയത്തിനോടു ചേർന്നുള്ള കാർ പാർക്കിങ്ങിലാണ് ഹെലികോപ്റ്റർ തകർന്നുവീണ് കത്തിയമർന്നത്. ശനി രാത്രി ലെസ്റ്റർ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മിൽ നടന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം രാത്രി 10.38നായിരുന്നു അപകടം. ഹെലികോപ്റ്ററിൽ ആരൊക്കെയുണ്ടായിരുന്നു എന്നു വ്യക്തമായിട്ടില്ല.

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകട കാരണം കണ്ടെത്തുന്നതിനായി വ്യോമ അപകട അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതായി ലസ്റ്റർഷർ പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തായ്‌ലൻഡിലെ ശതകോടീശ്വരനായ വിചായ് ശ്രീവധനപ്രഭ 2010ലാണ് ലെസ്റ്റർ ഫുട്ബോൾ ക്ലബ് സ്വന്തമാക്കിയത്. 2016ലെ പ്രീമിയർ ലീഗ് ജേതാക്കളാണ് ലെസ്റ്റർ സിറ്റി.