ഓഹരി വിപണിയിൽ ‍മുന്നേറ്റം; വ്യതിയാനമില്ലാത്തെ രൂപയും ക്രൂഡോയിലും

കൊച്ചി ∙ മികച്ച മുന്നേറ്റ പ്രവണത കാഴ്ചവച്ച് നിഫ്റ്റിയും സെൻസെക്സും വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻ വിപണിയും കാര്യമായ ഇടിവില്ലാതെ സമ്മിശ്ര പ്രതികരണം പ്രകടമാക്കി. നിഫ്റ്റി 220.85 പോയിന്റ് ഉയർന്ന് 10250 ലാണ് ക്ലോസ് ചെയ്തത്. സെൻസെക്സാകട്ടെ 718.09 പോയിന്റ് വർധനവിൽ 34067.40 ന് ക്ലോസ് ചെയ്തു. നിലവിൽ പ്രകടമാകുന്ന പുൾബാക് റാലി തുടരുകയാണെങ്കിൽ നാളെയും വിപണിയിൽ ഉണർവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 

വിപണിയിൽ ഇന്ന് എല്ലാ സെക്ടറും പോസിറ്റീവ് ട്രെൻഡ് ആണ് കാണിച്ചത് പബ്ലിക് സെക്ടർ ബാങ്കുകൾ, ഫാർമ, റിയൽറ്റി, മീഡിയ എന്നിവയാണ് ഏറ്റവും ഉയർന്ന നിലയിൽ ക്ലോസ് ചെയ്ത സെക്ടറുകൾ. വിപണിയിൽ 1339 സ്റ്റോക്കുകൾ പോസിറ്റീവായും 404 സ്റ്റോക്കുകൾ നെഗറ്റീവായും ക്ലോസ് ചെയ്തു. ഇന്ത്യാ ബുൾ ഹൗസിങ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, അദാനി പോർട്ട് ഷെയറുകൾ മികച്ച ലാഭത്തിൽ ക്ലോസ് ചെയ്തപ്പോൾ ഇൻഡസ് ഇൻഡ് ബാങ്ക്, ഐഷർ മോട്ടോർസ്, കൊട്ടാക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നഷ്ടത്തിലാണ ്ക്ലോസ് ചെയ്തത്. 

ഇന്ന് നേരിയ നിലയിലാണെങ്കിലും പോസിറ്റീവ് ഓപ്പണിങ്ങും മികച്ച ക്ലോസിങ്ങും ലഭിച്ച സ്ഥിതിക്ക് നാളത്തെ നിഫ്റ്റിയുടെ റെസിസ്റ്റൻസ് ലവൽ 10300 ആയിരിക്കുമെന്നാണ് പ്രതീക്ഷ. അതിനെ മറികടന്നാൽ ഒരുവേള 10520 എന്ന റെസിസ്റ്റൻസ് ലവലിൽ എത്തിയേക്കാം. നാളത്തെ സപ്പോർട്ട് ലവൽ 10150 – 10000 ആയിരിക്കും. 

ഇന്ത്യൻ രൂപ ഡോളറിനെ അപേക്ഷിച്ച് കാര്യമായ മൂല്യ വ്യതിയാനം പ്രകടമാക്കിയില്ല. ഇന്നലെ 73.44നാണ് ക്ലോസ് ചെയ്തതെങ്കിൽ ഇപ്പോൾ 73.42നാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിൽ വിലയിലും കാര്യമായ വ്യതിയാനങ്ങളില്ല. യൂറോപ്യൻ വിപണിക്ക് ഇന്ന് മികച്ച ഓപ്പണിങ് കിട്ടിയതിന്റെ പ്രതീക്ഷയിലാണ് നിക്ഷേപകർ.