കണ്ണൂർ വിമാനത്താവളത്തിന് ആദ്യവരുമാനം അമിത്ഷാ വക

കണ്ണൂർ വിമാനത്താവളത്തിലെത്തിയ അമിത് ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു. ചിത്രം: മനോരമ

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിന് ആദ്യ വരുമാനം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വക. വിമാനത്തിന്റെ ലാൻഡിങ്, പാർക്കിങ് നിരക്കുകളാണ് കണ്ണൂർ വിമാനത്താവള കമ്പനിക്കു (കിയാൽ) ലഭിച്ചത്. ആദ്യ യാത്രക്കാരൻ ആരെന്നതിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ വാദകോലാഹലങ്ങൾ നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിൽ നിയമാനുസൃതമുള്ള നിരക്കുകൾ നൽകി ഇറങ്ങിയ ആദ്യ യാത്രക്കാരൻ അമിത് ഷാ ആണെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കാര്യം കിയാലും സ്ഥിരീകരിച്ചു.

ഡൽഹി ആസ്ഥാനമായ എ ആർ എയർവെയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിമാനത്തിലായിരുന്നു അമിത് ഷാ കണ്ണൂരിലെത്തിയത്. എയൽപോർ‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എയ്റ) നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തുകയാണ് വിമാനക്കമ്പനിയിൽ നിന്ന് ഈടാക്കിയത്. വിമാനത്തിന് എയർ ട്രാഫിക് സേവനങ്ങൾ ലഭ്യമാക്കിയതിന് എയർപോർട്ട് അതോറിറ്റിക്കും കമ്പനി തുക അടച്ചിട്ടുണ്ട്.

7 മുതൽ 18 പേർക്കു വരെ യാത്ര ചെയ്യാവുന്ന സെസ്ന, ബൊംബാർഡിയർ, ഫാൽക്കൺ തുടങ്ങിയ കമ്പനികളുടെ 10 ചെറു വിമാനങ്ങളാണ് എ ആർ എയർവെയ്സിന്റെ ഉടമസ്ഥതയിലുള്ളത്. നോൺ ഷെഡ്യൂൾഡ് വിമാനങ്ങൾ പറത്താൻ ഡിജിസിഎയുടെ ലൈസൻസുള്ള 109 ഏവിയേഷൻ കമ്പനികളിലൊന്നാണ് എ ആർ എയർവെയ്സ്. എട്ടുപേർ‍ക്കു യാത്ര ചെയ്യാവുന്ന ഫാൽക്കൺ 2000 വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിൽ ഇറങ്ങിയത്.