ഓഹരി വിപണി ഇടിവിൽ; രൂപയ്ക്കും കനത്ത മൂല്യത്തകർച്ച

പ്രതീകാത്മക ചിത്രം

കൊച്ചി∙ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. നേരിയ ഉയർച്ചയോടെയാണു നിഫ്റ്റി വ്യാപാരം ആരംഭിച്ചതെങ്കിലും തുടർന്നു വ്യാപാരം വിൽപന പ്രവണത പ്രകടമാക്കുകയായിരുന്നു. ഇന്നലെ 10198.40ൽ ക്ലോസ് ചെയ്ത നിഫ്റ്റി 10209.55നാണു വ്യാപാരം ആരംഭിച്ചത്. തുടർന്ന് 10246.00 വരെ എത്തിയെങ്കിലും ഇടിവു നേരിടുകയായിരുന്നു. സെൻസെക്സാകട്ടെ 33891.13നാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്ന് നേരിയ ഉയർച്ചയിൽ 33963.09നാണു വ്യാപാരം ആരംഭിച്ചത്. ഒരു വേള 34050.12 വരെ എത്തിയെങ്കിലും നിഫ്റ്റിയിലും വിൽപന പ്രവണതയാണുള്ളത്.

വിപണിയിൽ തുടരുന്ന അനിശ്ചിതാവസ്ഥകളുടെ പശ്ചാത്തലത്തിൽ നിഫ്റ്റി ഇന്ന് 10150 പോയിന്റുകൾക്കു താഴെയാണു വ്യാപാരം എങ്കിൽ 10100 – 10050 എന്ന സപ്പോർട്ട് ലവലായിരിക്കും ഉണ്ടാവുകയെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 10200 – 10250 ആയിരിക്കും ഇന്നത്തെ റെസിസ്റ്റൻസ് ലവൽ. ഏഷ്യൻ വിപണിയിൽ ഇപ്പോൾ പോസറ്റീവായാണു വ്യാപാരം നടക്കുന്നത്. യുഎസ് വിപണി പോസറ്റീവായും യൂറോപ്യൻ വിപണി നെഗറ്റീവായുമാണു ക്ലോസ് ചെയ്തിട്ടുള്ളത്.

വിപണിയിൽ ഐടി ഒഴികെയുള്ള എല്ലാ സെക്ടറുകളും നെഗറ്റീവ് പ്രവണതയിലാണുള്ളത്. മെറ്റൽ, മീഡിയ, ഓട്ടോ, പബ്ലിക് സെക്ടർ ബാങ്കുകൾ തുടങ്ങിയവയാണ് ഏറ്റവും അധികം നഷ്ടം നേരിടുന്ന സെക്ടറുകൾ. 683 സ്റ്റോക്കുകൾ പോസറ്റീവ് പ്രവണതയിലാണുള്ളത്. 924 സ്റ്റോക്കകൾ നഷ്ടത്തിലും വ്യാപാരം പുരോഗമിക്കുന്നു. ടെക് മഹിന്ദ്ര, ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്കുകൾ എന്നിവയാണു പോസറ്റീവ് പ്രവണത പ്രകടമാക്കുന്ന ഷെയറുകൾ. ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഡോ. റെഡ്ഡി, കോൾ ഇന്ത്യ സ്റ്റോക്കുകൾ എന്നിവയാണ് ഏറ്റവും അധികം നഷ്ടം നേരിടുന്ന ഷെയറുകൾ.

ഇന്ത്യൻ രൂപ ഡോളറിനെതിരെ കനത്ത നഷ്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്്. ഇന്നലെ 73.68ൽ ക്ലോസ് ചെയ്ത രൂപ ഇപ്പോൾ 74നാണു വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഒരു വേള 74.14 വരെ എത്തിയിരുന്നു. ക്രൂഡ് വിലയിലും കാര്യമായ വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.