ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച; ഭീതിയിൽ നാട്ടുകാര്‍

ചെങ്കുളം ജലവൈദ്യുത പദ്ധതി

തൊടുപുഴ∙ ഇടുക്കി ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച. അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായതും പെന്‍സ്റ്റോക്ക് പൈപ്പിനു സമീപമാണ്. 2007 സെപ്റ്റംബര്‍ 17നാണു വെള്ളത്തൂവലിലുള്ള പന്നിയാര്‍ പെന്‍സ്റ്റോക്ക് പൊട്ടിയത്. ദുരന്തത്തില്‍ എട്ടു പേര്‍ മരിച്ചു. ഇവിടെനിന്ന് അധികമകലെയല്ലാതെയാണ് ചെങ്കുളം പെൻസ്റ്റോക്ക് പൈപ്പുകൾ ഉള്ളത്.

അപകടം ഭയന്നു പ്രദേശത്തെ മുപ്പതോളം കുടുംബങ്ങള്‍ വീടുപേക്ഷിച്ചു പോയി. പോകാന്‍ മറ്റിടങ്ങളില്ലാതെ കൂറേ മനുഷ്യര്‍ ഭീതിയോടെ ഇവിടെയുണ്ട്. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ പരിസ്ഥിതിലോല മേഖലകളിലൂടെയാണ് ജില്ലയിലെ പ്രധാന പെന്‍സ്റ്റോക്ക് പൈപ്പുകള്‍ കടന്നുപോകുന്നത്. ദുരന്തം ഉണ്ടാകുന്നതിനു മുന്‍പു നടപടി അനിവാര്യമാണെന്നാണ് വിദഗ്ധർ പറയുന്നത്.