വിപണികളിൽ ഉണർവ്; രൂപ നില മെച്ചപ്പെടുത്തുന്നു; എണ്ണ വിലയിൽ ഇടിവ്

കൊച്ചി ∙ യുഎസ് – ചൈന വ്യാപാരത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഓഹരി വിപണികളിലെല്ലാം പോസിറ്റീവ് പ്രവണത. യൂറോപ്യൻ വിപണിയും യുഎസ് വിപണിയും പോസിറ്റീവായാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. ഇന്ത്യൻ വിപണികളും ശക്തമായ തിരിച്ചു വരവാണഉ നടത്തുന്നത്.

ഇന്നലെ 10380.45 ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10462.30 നാണ് ഓപ്പൺ ചെയ്തത്. തുടർന്ന് മികച്ച മുന്നേറ്റം നടത്തിയ നിഫ്റ്റി 10569.05 വരെ ഒരവസരത്തിൽ മുന്നേറുകയുണ്ടായി. ഇന്നലെ 34431.97 ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഓപ്പണിങ്ങിൽത്തന്നെ 34743.95 ലെത്തി. തുടർന്ന് ഒരുവേള 35029.28 വരെയും എത്തിയിരുന്നു. നിഫ്റ്റി ഇന്ന് 10500ന് മുകളിൽ ക്ലോസിങ് ഉണ്ടാകുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അങ്ങനെയുണ്ടായാൽ വരും ദിവസങ്ങളിൽ വിപണിയിൽ മികച്ച ഉണർവ് ദൃശ്യമാകുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

ഓട്ടോ സെക്ടർ ഇന്ന് ശക്തമായ മുന്നേറ്റം കാണിക്കുന്നുണ്ട്. ഒക്ടോബർ മാസത്തിലെ വിൽപനറിപ്പോർട്ട് പുറത്തു വരുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇരുചക്ര വാഹന കമ്പനികൾക്ക് മികച്ച വിൽപനയാണ് റിപ്പോർട്ടിലുള്ളത്. എഫ്എംസിജി സ്റ്റോക്കുകളിലും മികച്ച പ്രവണതയാണ് ദൃശ്യമാകുന്നത്.

ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് ക്രൂഡ് ഓയിലിന് ഏഴു ശതമാനം ഇടിവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം വർധിപ്പിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് എണ്ണവില ഇടിഞ്ഞത്. ഇതിനിടെ, ഡോളറിനെതിരെ ഇന്ത്യൻ രൂപയും ശക്തമായ മുന്നേറ്റം കാണിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ രൂപ 73 എന്ന നിലയിൽനിന്ന് താഴേക്കു വരുന്നത്. ഇപ്പോൾ രൂപ 72.90 നാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതു രണ്ടും ഇന്ത്യൻ വിപണിക്ക് ഗുണകരമായ പ്രവണതകളാണ്.