78 സ്കൂൾകുട്ടികൾ തോക്കിൻ‌മുനയിൽ; പിന്നിൽ സ്വന്തം ‘രാജ്യം’ ആവശ്യപ്പെടുന്നവർ

ഇക്കഴിഞ്ഞ ഒക്ടോബറിലെ തിരഞ്ഞെടുപ്പിനിടെ തെക്കുപടിഞ്ഞാറൻ കാമറൂണിലെ ലിസോക്കയിലുണ്ടായ അക്രമത്തെത്തുടർന്ന് സൈന്യം എത്തിയപ്പോൾ (ഫയൽ ചിത്രം)

യാവുൻഡേ∙ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ സ്കൂളിലെ പ്രിൻസിപ്പലിനെയും കുട്ടികളെയും ഉൾപ്പെടെ 81 പേരെ വിഘടനവാദികൾ തട്ടിക്കൊണ്ടു പോയി. ബെമെൻഡയിൽ തിങ്കളാഴ്ചയായിരുന്നു സംഭവമെന്നു സർക്കാർ അറിയിച്ചു. പ്രത്യേക സ്വയംഭരണ പ്രദേശത്തിനു വേണ്ടി പോരാടുന്ന വിഘടനവാദി സംഘമാണു കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്നാണു വിവരം.

‘ആംബ ബോയ്സ്’ എന്നു പരിചയപ്പെടുത്തുന്ന വ്യക്തികൾ തട്ടിക്കൊണ്ടു പോയ കുട്ടികളുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കാമറൂണിന്റെ വടക്കു പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ മേഖലയിൽ ആംബസോനിയ എന്ന സ്വയംഭരണ പ്രദേശം വേണമെന്ന് ആവശ്യപ്പെടുന്നവരാണിതെന്നു സർക്കാർ വ്യക്തമാക്കി.

പിടിയിലായ ആൺകുട്ടികളുടെ പേരും അവരുടെ വീട്ടുകാരുടെ പേരും തോക്കിൻ മുനയിൽ നിർത്തി പറയിപ്പിക്കുന്ന ദൃശ്യങ്ങളാണു വിഡിയോയിൽ. ഞായറാഴ്ചയാണു തട്ടിക്കൊണ്ടു പോയതെന്നും എവിടെയാണു കൊണ്ടുവന്നതെന്ന് അറിയില്ലെന്നും കുട്ടികൾ പറയുന്നു. വിഡിയോയില്‍ മക്കളെ കണ്ട പല രക്ഷിതാക്കളും അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബെമെൻഡ (സാറ്റലൈറ്റ് ചിത്രം)

ലക്ഷ്യം പൂർത്തിയായാൽ മാത്രമേ കുട്ടികളെ വിട്ടയയ്ക്കൂ എന്നാണ് വിഘടനവാദികൾ പറയുന്നത്. തട്ടിക്കൊണ്ടു പോയവരിൽ 78 പേരും പ്രിസ്ബൈറ്റേറിയൻ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. പ്രിൻസിപ്പലും ഒരു അധ്യാപികയും ഡ്രൈവറുമാണു മറ്റു 3 പേർ. ഇവരെ സമീപത്തെ വനമേഖലയിലേക്കാണു കൊണ്ടുപോയിരിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി.

പ്രസിഡന്റ് പോൾ ബിയയുടെ ഭരണത്തിനെതിരെ നേരത്തേ വിഘടനവാദികൾ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പലയിടത്തും കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും അടച്ചിട്ടു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലാണ് വിഘടനവാദ നീക്കങ്ങൾ ശക്തം. ഇംഗ്ലിഷ് സംസാരിക്കുന്നവരുടെ മേഖലയാണിത്.

ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോലും ഇംഗ്ലിഷ് സംസാരിക്കുന്നവർക്കു ഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ 5 ശതമാനവും തെക്കുപടിഞ്ഞാറ് 16 ശതമാനവും മാത്രമായിരുന്നു പോളിങ്. ഇംഗ്ലിഷ് സംസാരിക്കുന്നവരുടെ പടിഞ്ഞാറൻ മേഖലയിലാണ് ബെമെൻഡ. സർക്കാരിനു സ്വാധീനമുള്ളതാകട്ടെ ഫ്രഞ്ച് സംസാരിക്കുന്ന മറ്റു മേഖലകളിലും. പ്രസിഡന്റിനും ഇവരുടെ പിന്തുണയാണുള്ളത്.

പോൾ ബിയ

ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴാം തവണയും പോൾ ബിയ അധികാരത്തിലെത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നായിരുന്നു വിഘടവാദികളുടെ ആരോപണം. തുടർന്നുണ്ടായ സംഘർഷത്തെത്തുടർന്ന് ഒട്ടേറെപേർ ബെമെൻഡ വിട്ടു പോയി. ഒരു വർഷത്തിനിടെ നൂറുകണക്കിനു പേർ ഈ മേഖലകളിൽ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

കാമറൂണിലെ 2.2 കോടി വരുന്ന ജനങ്ങളിൽ അഞ്ചിലൊന്നു മാത്രമാണ് ഇംഗ്ലിഷ് സംസാരിക്കുന്നത്. ജർമൻ കോളനിയായിരുന്ന കാമറൂൺ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടനും ഫ്രാൻസിനുമായി പകുത്തു നൽകുകയായിരുന്നു. 1919 മുതൽ ഫ്രഞ്ച് കാമറൂണും ബ്രിട്ടിഷ് കാമറൂണുമായിട്ടായിരുന്നു ഇവിടത്തെ ഭരണം. ഫ്രാൻസ് കാമറൂണിനെ തങ്ങൾക്കൊപ്പം ചേർത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളും വികസനവും എത്തിച്ചു. എന്നാൽ നൈജീരിയയുമായി ചേർത്തു ഭരിക്കുകയാണ് ബ്രിട്ടൻ ചെയ്തത്. ഇതിനെതിരെ വൻ പ്രതിഷേധവും ബ്രിട്ടിഷ് കാമറൂണിലെ ജനങ്ങൾ നടത്തി.

1960ൽ ഫ്രഞ്ച് കാമറൂണിന് സ്വാതന്ത്ര്യം ലഭിച്ചു. അപ്പോഴും നൈജീരിയയ്ക്കൊപ്പം ബ്രിട്ടിഷ് കാമറൂൺ തുടർന്നു. 1961ൽ ബ്രിട്ടിഷ് കാമറൂണും സ്വതന്ത്രമായി. ഇംഗ്ലിഷ് സംസാരിക്കുന്നവരും ഫ്രഞ്ച് സംസാരിക്കുന്നവരും തമ്മിൽ അന്നു മുതൽ ആരംഭിച്ച ആഭ്യന്തര സംഘർഷം കാമറൂണിൽ തുടരുകയാണ്. അതിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടു പോകൽ.