കിതപ്പിലേക്കു ചാഞ്ഞ് ഓഹരിവിപണി; നിഫ്റ്റിയിലും സെൻസെക്സിലും നേരിയ ഇടിവ്

കൊച്ചി∙ കഴിഞ്ഞ ആഴ്ചാവസാനത്തിൽ പ്രകടമാക്കിയ കുതിപ്പിൽനിന്നു കിതപ്പിലേക്കു ചായുന്നതിന്റെ പ്രവണതകൾ ഓഹരി വിപണി ദൃശ്യമാക്കുന്നു. ദീപാവലി വ്യാപാരം വരെയെങ്കിലും ഉയർന്നു നിൽക്കുമെന്ന പ്രതീക്ഷകൾക്കിടെ ഇന്നു വീണ്ടും വിപണിയിൽ നേരിയ ഇടിവു പ്രകടമായി. നിഫ്റ്റി 10553ലാണു കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതെങ്കിൽ കാര്യമായ ഉയർച്ചയില്ലാതെ 10558.75ലാണ് ഇന്ന് ഓപ്പൺ ചെയ്തത്. നിലവിൽ 52 പോയിന്റ് ഇടിവിൽ (0.5%) 10501.25നാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സും സമാന പ്രവണതയാണു പ്രകടമാക്കുന്നത്. 35011.65 എന്ന ക്ലോസിങ്ങ് ലെവലിൽനിന്ന് 115 പോയിന്റ് ഇടിവോടെയാണു വ്യാപാരം. നിഫ്റ്റി ഇന്ന് 10500നു മുകളിൽ വ്യാപാരം തുടരുകയാണെങ്കിൽ 10550– 10600 ആയിരിക്കും റെസിസ്റ്റൻസ് ലവൽ. അതേസമയം വ്യാപാരം 10500ന് താഴേക്കു പോയാൽ നിക്ഷേപകർ വിൽപന പ്രവണതയുമായി രംഗത്തെത്തുമെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 10450 – 10400 എന്നതായിരിക്കും ഇന്നത്തെ സപ്പോർട്ട് ലെവൽ.

വിപണിയിൽ അഞ്ച് സെക്ടറുകളാണു പോസറ്റീവ് പ്രവണതയിലുള്ളത്. ആറ് സെക്ടറുകൾ വിൽപന പ്രവണതയിലാണുള്ളത്. പബ്ലിക് സെക്ടർ ബാങ്കുകൾ, മെറ്റൽസ്, റിയൽറ്റി, ഫാർമ സെക്റ്ററുകളാണു വിപണിയിൽ പോസറ്റീവ് വ്യാപാരം തുടരുന്നത്. മീഡിയ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, പ്രൈവറ്റ് സെക്ടർ ബാങ്കുകൾ ഇവ നെഗറ്റീവ് പാതയിലാണ്. വിപണിയിൽ 933 സ്റ്റോക്കുകൾ പോസറ്റീവായും 723 സ്റ്റോക്കുകൾ നെഗറ്റീവായും വ്യാപാരം നടത്തുന്നു. ആക്സിസ് ബാങ്ക്, എസ്ബിഐഎൻ, ഹിന്ദാൽകൊ, ബജാജ് ഫിൻ സർവ് സ്റ്റോക്കുകളാണു ലാഭത്തിലുള്ള സ്റ്റോക്കുകൾ. ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ്, എൻടിപിസി, ഹിന്ദു പെട്രോ എന്നിവയാണു നഷ്ടം നേരിടുന്ന ഷെയറുകൾ.

യുഎസ് വിപണി നെഗറ്റീവായി കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതും യൂറോപ്യൻ വിപണി സമ്മിശ്ര പ്രവണത തുടരുന്നതും ഏഷ്യൻ ഇന്ത്യൻ വിപണികളെയും സ്വാധീനിച്ചിട്ടുണ്ട്. ഏഷ്യൻ വിപണിയും നഷ്ടത്തിലാണു വ്യാപാരം. ക്രൂഡോയിൽ വില കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 6% വരെ കുറഞ്ഞതും ചൈന – യുഎസ് വ്യാപാരത്തർക്കം അവസാനിക്കുമെന്ന പ്രതീക്ഷകളും വിപണിയിൽ പോസറ്റീവ് പ്രവണത സമ്മാനിച്ചിരുന്നു. ഇന്ന് ചൈനീസ് പ്രസിഡന്റ് വ്യാപാരത്തർക്കം സംബന്ധിച്ച പ്രസ്താവന ഇറക്കിയേക്കുമെന്ന് ഓഹരി വിപണി പ്രതീക്ഷിക്കുന്നുണ്ട്. നാളെ യുഎസിൽ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ ഒരുപക്ഷേ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചേക്കുമെന്നാണു പ്രതീക്ഷ. പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് രണ്ടു സഭയിലും നേട്ടം കൈവരിക്കാൻ സാധിച്ചേക്കില്ല. രണ്ടു സഭകളിൽ രണ്ടു പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുന്നതാണ് എമേർജിങ് മാർക്കറ്റുകൾക്കും ഗ്ലോബൽ മാർക്കറ്റുകൾക്കും അനുകൂലമാകുന്നതെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസി‍ഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കു മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം 72.44ന് ക്ലോസ് ചെയ്ത രൂപ ഇപ്പോൾ 72.91നാണു വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിൽ വിലയിലും ഇടിവാണുള്ളത്.

ദീപാവലി ആഘോഷദിനം അടുക്കുമ്പോൾ സ്വർണവിപണി തുടർന്നുവരുന്ന സംവത് വർഷാരംഭത്തിലേക്കാണു പ്രതീക്ഷ വച്ചിരിക്കുന്നത്. അക്ഷയതൃതീയപോലെ സ്വർണം വാങ്ങാൻ വാങ്ങാൻ നല്ല ദിവസമായി ദീപാവലിയോടനുബന്ധിച്ചുള്ള ധൻതേരസ് നാളിനെ കാണുന്നത് ഉത്തരേന്ത്യക്കാർ മാത്രമല്ല, സമാന പാതയിലേക്കു മാറിക്കൊണ്ടിരിക്കുന്ന ദക്ഷിണേന്ത്യക്കാർ കൂടിയാണ്. സംവത് വർഷാരംഭത്തോടനുബന്ധിച്ചുള്ള സ്വർണം വാങ്ങൽ ആഭരണങ്ങളിൽ മാത്രമൊതുങ്ങില്ല. വർഷം മുഴുവൻ ഐശ്വര്യം ലഭിക്കാൻ സ്വർണം വാങ്ങുന്നവർ നിക്ഷേമെന്ന നിലയിലും സ്വർണത്തെ കാണുന്നവരാണ്. ബാറുകളും തങ്കക്കട്ടികളും കോയിനുകളുമായും ഇടിഎഫ് വഴിയും സ്വർണം വാങ്ങുന്നവരുമുണ്ട്.

അക്ഷയതൃതീയയിലെന്നപോലെ ഐശ്വര്യത്തിന്റെ അടയാളങ്ങൾ പതിച്ച നാണയങ്ങളും ദീപാവലിയോടനുബന്ധിച്ചു ജ്വല്ലറികളിൽ എത്തിയിട്ടുണ്ട്. തുടർച്ചയായി ഉയർന്ന സ്വർണ വിലയിൽ നേരിയ ചാഞ്ചാട്ടം കഴിഞ്ഞയാഴ്ചയുണ്ടായി. സ്വർണം പവന് 23,760 രൂപവരെ ഉയർന്നതിനു ശേഷം 23,680ലും പിന്നീട് 23,600 രൂപയിലേക്കുമെത്തി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 17 ഡോളർ വരെ കുറഞ്ഞിരുന്നു. 1232 ഡോളർ എന്ന നിലവാരത്തിലാണു വില. ഡോളറിനെതിരെ ഇന്ത്യൻ രൂപ കരുത്തുകാട്ടിയതാണു സ്വർണവിലയിലുണ്ടായ ചലനങ്ങൾക്കു കാരണം. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചു സ്വർണത്തിന് ആവശ്യക്കാരേറുന്നത് ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമായേക്കും. ഈ ആഴ്ചയുടെ ആരംഭത്തിൽത്തന്നെ പവൻ 23,760 രൂപയിലേക്ക് വീണ്ടുമെത്തിയേക്കാം. ജ്വല്ലറി ഉടമകളിൽനിന്നുള്ള ഡിമാൻഡ് ഉയരുന്നതിനുനുസരിച്ചു വില അൽപം കൂടി ഉയരാനും സാധ്യതയുണ്ട്.