ഉത്തർപ്രദേശിലെ ഫൈസാബാദ് ഇനി അയോധ്യ; പേരുമാറ്റി യോഗി സർക്കാർ

യോഗി ആദിത്യനാഥ്

അയോധ്യ∙ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റിയതിനു പിന്നാലെ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാൻ ഒരാളെയും അനുവദിക്കില്ല. അയോധ്യയിൽ മെഡിക്കല്‍ കോളജ് നിർമിക്കുമെന്നും യോഗി അറിയിച്ചു. ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിലായിരിക്കും മെഡിക്കൽ കോളജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഭാര്യ കിം–ജങ് സൂക്കുമായി ചേർന്ന് അയോധ്യയിൽ ദീപാവലിയോടനുബന്ധിച്ചുള്ള ‘ദീപോത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി. ഫൈസാബാദ്, അയോധ്യ നഗരങ്ങൾ ചേർന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പൽ കോർപറേഷന്റെ പേര് അയോധ്യ നഗർ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തിൽ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ  മുതിർന്ന ബിജെപി നേതാവ് വിനയ് കട്ട്യാറും വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കൂട്ടായ ചർച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമയം തീർന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിർമിക്കാനാണ് ഇനി ശ്രമമെന്നും ബിജെപി വ്യക്തമാക്കി. കേന്ദ്ര ഓർഡിനൻസിലൂടെ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാർട്ടിയുടെ ഫൈസാബാദ് ജില്ലാ തലവൻ അവധേഷ് പാണ്ഡെയുടെ പ്രസ്താവന. 

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ജനസംഖ്യയിലെ ഭൂരിപക്ഷം പേരും ക്ഷേത്രനിർമാണത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇവർക്കു വേണ്ടി സംസാരിക്കാൻ നിലവിൽ ബിജെപി മാത്രമേ ഉള്ളൂവെന്നും പാണ്ഡെ പറഞ്ഞു.