തൊഴിലാളികളുടെ ആരോഗ്യം; ഫാക്ടറി നിയമത്തില്‍ ഭേദഗതി പരിഗണനയില്‍: മന്ത്രി

പരിപാടിയിൽ സംസാരിക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം∙ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുന്നതു സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു തൊഴില്‍ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍. പരിശോധനാ സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റ് അധിഷ്ഠിത സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഫാക്ടറീസ് ആന്‍‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കു തിരുവനന്തപുരത്ത് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ആരോഗ്യ സുരക്ഷിതത്വ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ശാലകളിലെ അപകടങ്ങളും തൊഴില്‍ജന്യ രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും വ്യവസായ ശാലകളുടെ പരിസരങ്ങളില്‍ കഴിയുന്ന ജനങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഫാക്ടറികളിലെ സുരക്ഷിതത്വം മുഖ്യമായും ഉടമകളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഉത്തരവാദിത്വമാണ്. തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമായിരിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലും ജാഗ്രതയും ഉടമകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടങ്ങളുടെയും യന്ത്രങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. പരിസരവാസികളായ ജനങ്ങളുടെ ജീവനും സ്വത്തും തന്റെ സ്ഥാപനങ്ങള്‍ മൂലം അപകടത്തില്‍പ്പെടില്ലെന്ന് ഉറപ്പാക്കാനും ഉടമകള്‍ക്കു ബാധ്യതയുണ്ട്. തൊഴിലുടമകള്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള ചുമതല ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ നിക്ഷിപ്തമാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ വ്യവസായ- തൊഴില്‍ സ്ഥാപനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതു പരിഹരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. സ്ഥാപനങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടോയെന്നും ഫാക്ടറി നിയമം പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണം. ഇതു സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കണം. എന്നാല്‍ പരിശോധനയുടെ പേരില്‍ ഉടമകളെയും തൊഴിലാളികളെയും പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.