Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശമദ്യം: വിലയും നികുതിഘടനയും പുനഃപരിശോധിക്കാമെന്നു മന്ത്രി

T.P. Ramakrishnan

കോഴിക്കോട്∙ വിദേശനിർമിത വിദേശമദ്യവിലയും നികുതിഘടനയും പുനഃപരിശോധിക്കാൻ സന്നദ്ധമാണെന്ന് എക്സൈസ് മന്ത്രി  ടി.പി. രാമകൃഷ്ണൻ. വിദേശകമ്പനികൾക്ക് അനർഹമായ ഇളവുകൾ നൽകിയെന്ന പ്രതിപക്ഷ ആരോപണത്തോട് മനോരമ ന്യൂസ് ചാനലിലെ ‘നേരേ ചൊവ്വേ’ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദേശനിർമിത വിദേശമദ്യത്തിന്റെ വിപണനസാധ്യത പഠിച്ചുവരുന്നതേയുള്ളൂ. ഇപ്പോഴത്തെ നികുതിഘടനയും ഇതുസംബന്ധിച്ചുള്ള പ്രതികരണങ്ങളും പരിശോധിച്ചശേഷം സർക്കാർ നടപടിയെടുക്കും. ഈ കമ്പനികൾക്ക് പ്രത്യേക ആനുകൂല്യം എന്നതു ശരിയല്ല – മന്ത്രി  ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

പുതിയ ബ്രൂവറികൾ വേണ്ട എന്നു സർക്കാർ തീരുമാനിച്ചിട്ടില്ല. നടപടിക്രമങ്ങളും മാനദണ്ഡങ്ങളും തയാറാക്കാൻ ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കിട്ടി അതു പഠിച്ചശേഷം തുടർനടപടികൾ ഉണ്ടാവും. ബ്രൂവറികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം സർക്കാരിന്റേതാണ്. നടപടികൾ  സ്വീകരിച്ചത് എക്സൈസ് വകുപ്പാണ്. തന്റെ നിയന്ത്രണത്തിലും പൂർണ അറിവിലുമാണു കാര്യങ്ങൾ നടന്നത്. മന്ത്രിയുടെ തലയ്ക്കു ‌മുകളിൽ വകുപ്പിൽ കാര്യങ്ങൾ നടന്നുവെന്ന ആക്ഷേപവും രാമകൃഷ്ണൻ നിഷേധിച്ചു.

മദ്യവർജനവും മദ്യനിരോധനവും രണ്ടാണെന്ന സർക്കാർ നിലപാടിൽ  മാറ്റമില്ല. എന്നാൽ, ആവശ്യക്കാർക്ക് ഗുണനിലവാരമുള്ള മദ്യം ലഭ്യമാക്കും. നികുതിവരുമാനവും സർക്കാരിനു പ്രധാനമാണെന്നു മന്ത്രി വിശദീകരിച്ചു.   

related stories