പീഡനാരോപണം: ശശിക്കെതിരെ വീണ്ടും കേന്ദ്ര നേതൃത്വത്തിന് ഡിവൈഎഫ്ഐ നേതാവിന്റെ പരാതി

തിരുവനന്തപുരം∙ പീഡന ആരോപണത്തിൽ പി.കെ. ശശി എംഎൽഎയ്ക്കെതിരെ സിപിഎം കേന്ദ്രനേതൃത്വത്തിനു വീണ്ടും പരാതി നൽകി യുവതി. സംസ്ഥാന നേതൃത്വം നടപടിയെടുക്കുന്നില്ലെന്നാണു പരാതി. അന്വേഷണം തുടങ്ങി മൂന്നുമാസമായിട്ടും നീതി ലഭിക്കുന്നില്ല. മുഖ്യമന്ത്രിയും എ.കെ. ബാലനും ശശിക്കൊപ്പം വേദി പങ്കിട്ടു. കാൽനട ജാഥയ്ക്കു നേതൃത്വം നൽകാനും ശശിയെ നിയോഗിച്ചു. നീതികിട്ടുമോയെന്നു ബലമായ സംശയമുണ്ടെന്നും പരാതിക്കാരി പറയുന്നു.

പാലക്കാട് മണ്ണാർക്കാട്ടെ പാർട്ടി ഓഫിസിൽവച്ചു തനിക്കെതിരെ പി.െക. ശശി ലൈംഗികാതിക്രമം നടത്തിയെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. എംഎൽഎ ഫോണിൽ വിളിച്ചു പലതവണ അശ്ലീലച്ചുവയിൽ സംസാരിച്ചു. പരാതി നൽകുമെന്നായപ്പോൾ അപവാദപ്രചാരണം നടത്തി. ഡിവൈഎഫ്ഐ നേതാവായ തനിക്ക് എംഎൽഎയെ ഭയന്നു പാർട്ടി ഓഫിസിൽ പോലും ഇരിക്കാനാവുന്നില്ല. എംഎൽഎയിൽനിന്നു പാർട്ടി സംരക്ഷണം നൽകണം. പ്രശ്‌നത്തിൽ കർശന നടപടിയെടുക്കണമെന്നും യുവതി ആവശ്യപ്പെടുന്നു.

ഓഗസ്റ്റ് മാസം പകുതിയോടെയാണു യുവതി പാർട്ടി നേതൃത്വത്തിന് ആദ്യം പരാതി നൽകുന്നത്. പരാതിക്ക് അടിസ്ഥാനമായ സംഭവം മണ്ണാർക്കാട്ട് സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് ആദ്യം നടന്നതെന്നാണു സൂചന. പിന്നീടു ഫേ‍ാൺ വഴിയും ഇത് ആവർത്തിച്ചതേ‍ാടെ വിളിയുടെ വിശദാംശങ്ങൾ അടക്കമാണു യുവതി പരാതി നൽകിയത്. ഒഴിഞ്ഞുമാറാൻ പരമാവധി ശ്രമിച്ചെങ്കിലും പിന്തുടർന്നു പ്രശ്നമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. എംഎൽഎ ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ സഹിതമാണു പരാതി നൽകിയതെന്നും സൂചനയുണ്ട്. വൃന്ദ കാരാട്ടിന് ഉൾപ്പെടെ പരാതി നൽകിയിരുന്നു.