അഫ്ഗാന്‍: താലിബാന്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്ക്ക് ഇതാദ്യമായി ഇന്ത്യയും

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി താലിബാന്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്ക്ക് ഇന്ത്യയും. അഫ്ഗാന്‍ സമാധാനവുമായി ബന്ധപ്പെട്ട് ഇന്നു റഷ്യ വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തിലാണ് അമേരിക്ക, പാക്കിസ്ഥാന്‍ ചൈന എന്നിവര്‍ക്കൊപ്പം ഇന്ത്യയും പങ്കെടുക്കുന്നത്. ഈ ചര്‍ച്ചകളില്‍ താലിബാനും പങ്കാളികളാണ്.

അനൗദ്യോഗിക തലത്തിലാണ് ഇന്ത്യ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. അഫ്ഗാനിലെ മുന്‍ അംബാസഡര്‍ അമര്‍ സിന്‍ഹ, പാക് മുന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ടി.സി.എ. രാഘവന്‍ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അഫ്ഗാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. താലിബാന്‍ ഉള്‍പ്പെട്ട ചര്‍ച്ചയില്‍ പങ്കാളിയാകാനുള്ള തീരുമാനം വരും ദിവസങ്ങളില്‍ വിവാദമാകാന്‍ സാധ്യതയുണ്ടെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

അഫ്ഗാന്‍ വിഷയത്തില്‍ റഷ്യന്‍ ഫെഡറേഷന്‍ യോഗം വിളിച്ചുചേര്‍ത്ത വിവരം അറിയാമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അഫ്ഗാന്‍ സമാധാനത്തിനും പുനര്‍നിര്‍മാണത്തിനും നടക്കുന്ന ഏതു ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കും. അതേസമയം അഫ്ഗാനിലെ സമാധാന പ്രക്രിയ അഫ്ഗാന്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ അഫ്ഗാന്‍ നേരിട്ടു നടത്തണമെന്ന പഴയ നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. 

ഇതാദ്യമായാണ് താലിബാന്‍ ഉള്‍പ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യ പങ്കാളിയാകുന്നത്. ആദ്യവട്ട ചര്‍ച്ചകളില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നെങ്കിലും താലിബാന്‍ ഉണ്ടായിരുന്നില്ല. ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നിവരെയും ചര്‍ച്ചയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നു റഷ്യ അറിയിച്ചു.