മാധ്യമ പ്രവർത്തകന്‍റെ വിലക്കിനെ ന്യായീകരിച്ച് ‘കൃത്രിമ’ വിഡിയോയുമായി വൈറ്റ് ഹൗസ്

ജിം അകോസ്റ്റ

വാഷിങ്ടൻ ∙ സിഎൻഎൻ റിപ്പോർട്ടർ ജിം അകോസ്റ്റ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്ത് മോശമായി സ്പർശിച്ചെന്ന ആരോപണത്തെ സാധൂകരിക്കുന്ന വിഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറ സാന്‍ഡേഴ്സ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ചോദ്യം ചോദിക്കുന്നതിനിടെ മൈക്കിൽ പിടിമുറുക്കിയ അകോസ്റ്റ, വൈറ്റ് ഹൗസ് ജീവനക്കാരിയുടെ കൈ തട്ടിമാറ്റുന്നതായാണ് വിഡിയോ ദൃശ്യത്തിലുള്ളത്. എന്നാൽ വിഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് പരക്കെയുള്ള ആരോപണം. മൈക്രോഫോണിനായുള്ള പിടിവലിക്കിടെ അകോസ്റ്റയുടെ കൈ ഉയരുന്നതു മാത്രമാണ് യഥാർഥ വിഡിയോയിലുള്ളത്. ഇതിന് അകോസ്റ്റ ക്ഷമ ചോദിക്കുന്നതും സാൻഡേഴ്സ് ഷെയർ ചെയ്ത വിഡിയോയിൽ ഒഴിവാക്കിയിട്ടുണ്ട്.

അകോസ്റ്റയുടെ കൈകളുടെ ചലനം വേഗത്തിലാക്കുന്ന തരത്തിൽ എ‍ഡിറ്റിങ് നടത്തിയാണ് വിഡിയോ പുറത്തുവിട്ടിട്ടുള്ളതെന്നാണ് ആരോപണം. സ്വന്തം തെറ്റിനെ ന്യായീകരിക്കാൻ ബോധപൂർവം നടത്തിയ നീക്കമാണിതെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു. ഇൻഫോവാർസ് എന്ന വെബ്സൈറ്റിലൂടെ പതിവായി വിവാദ വിഡിയോകൾ പുറത്തുവിടുന്ന പോൾ ജോസഫ് വാട്സൺ എന്ന വ്യക്തിയാണ് ഈ വിഡിയോ ആദ്യം ഷെയർ ചെയ്തത്. തുടർന്നായിരുന്നു സാൻഡേഴ്സും രംഗത്തെത്തിയത്. അകോസ്റ്റക്കെതിരായ ആരോപണത്തിന്‍റെ സത്യാവസ്ഥ ഈ വിഡിയോ വ്യക്തമാക്കുമെന്നും അദ്ദേഹത്തിന്‍റെ പാസ് റദ്ദാക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും വ്യക്തമാക്കിയായിരുന്നു സാൻഡേഴ്സിന്‍റെ ട്വീറ്റ്. വ്യാജ വാർത്തകളും വിഡിയോകളും പ്രചരിപ്പിക്കുന്നതിന് ഫെയ്സ്ബുക്കും ഗൂഗിളും വിലക്കിയ സൈറ്റാണ് ഇൻഫോവാർസ്.

സംഭവത്തിന്‍റെ യഥാർഥ വിഡിയോയിലുള്ളതിനെക്കാൾ ഫ്രെയിമുകൾ സാൻഡേഴ്സൺ ഷെയർ ചെയ്ത വിഡിയോയിലുള്ളതായി സമൂഹമാധ്യമങ്ങളുടെ നിരീക്ഷണം നടത്തുന്ന സ്ഥാപനമായ സ്റ്റോറിഫുൾ കണ്ടെത്തിയിട്ടുണ്ട്. അകോസ്റ്റയുടെ കൈ വൈറ്റ് ഹൗസ് ജീവനക്കാരുടെ കൈയിൽ തട്ടുന്ന സമയത്തെ തുടർച്ചയായ ഫ്രെയിമുകൾ ഉൾപ്പെടുത്തി അസ്വഭാവികത സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് സ്റ്റോറിഫുളിലെ മാധ്യമപ്രവർത്തകൻ ഷെയ്ൻ റെയ്മണ്ട് പറഞ്ഞു. കൃത്രിമ വിഡിയോയും അതിലൂടെ വ്യാജ വാർത്തയുമാണ് സാൻഡേഴ്സ് പുറത്തുവിട്ടതെന്നും ചരിത്രം ഇതിന് മാപ്പു നൽകില്ലെന്നും സിഎൻഎൻ വക്താവ് മാറ്റ് ഡോർനിക് ട്വീറ്റു ചെയ്തു. പൊതുജനാഭിപ്രായത്തെ സാരമായി സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഒരാൾ ബോധപൂർവം കൃത്രിമ വിഡിയോ ഷെയർ ചെയ്യുന്നത് ആപൽക്കരവും നീതിക്കു നിരക്കാത്തതുമാണെന്നാണ് വൈറ്റ് ഹൗസ് ന്യൂസ് ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ പ്രതികരിച്ചത്. 20,000 റീട്വീറ്റുകളും 2 ദശലക്ഷത്തിലധികം കാണികളെയുമാണ് സാൻഡേഴ്സിന്‍റെ വിഡിയോ സ്വന്തമാക്കിയത്. വാട്സന്‍റെ വിഡിയോയാകട്ടെ 7,40,000 തവണയാണ് ആളുകൾ കണ്ടിട്ടുള്ളത്.

ഇടക്കാല തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനെ തുടർന്നു നടത്തിയ വാർത്താസമ്മേളനത്തിനിടെ ട്രംപിനോട് അസുഖകരമായ ചോദ്യങ്ങൾ ചോദിച്ചതിനാണ് അകോസ്റ്റയുടെ മാധ്യമ പാസ് റദ്ദാക്കിയത്. വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് മോശമായി സ്പർ‌ശിച്ചതിന്‍റെ പേരിലാണ് നടപടി എന്നു വിശദീകരണം വന്നെങ്കിലും മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.