ഛത്തീസ്ഗഡിനു കോണ്‍ഗ്രസ് ചേരില്ല; നാലാമതും ബിജെപി ഭരിക്കുമെന്ന് അമിത് ഷാ

തെലങ്കാനയില്‍ ബിജെപി യോഗത്തിൽ‌ സംസാരിക്കുന്ന ദേശീയ അധ്യക്ഷൻ‌ അമിത് ഷാ

റായ്പുര്‍ ∙ രമണ്‍സിങ് സര്‍ക്കാര്‍ ഛത്തീസ്ഗഡിനെ മാവോയിസ്റ്റുകളില്‍നിന്ന് ഏതാണ്ടു പൂര്‍ണമായി മോചിപ്പിച്ചുവെന്നും സിമെന്റ്, ഊര്‍ജ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമാക്കിയെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 12, 20 തീയതികളിലാണ് ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ്.

മാവോയിസമാണ് പരിവര്‍ത്തനത്തിനുള്ള ഉപാധിയെന്നു വിശ്വസിക്കുന്ന പാര്‍ട്ടിക്കു വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി പരാമര്‍ശിച്ച് അമിത് ഷാ പറഞ്ഞു. അത്തരക്കാര്‍ക്ക് ഛത്തീസ്ഗഡില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നക്‌സലുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ആഡംബരജീവിതം നയിക്കുന്ന നാഗരിക നക്‌സലുകള്‍ ഛത്തീസ്ഗഡിലെത്തി യുവാക്കളെ വഴിതെറ്റിക്കുകയാണെന്നു മോദി കുറ്റപ്പെടുത്തിയിരുന്നു.

ഛത്തീസ്ഗഡില്‍ നാലാമതും ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും പിന്നിലായിരുന്ന സംസ്ഥാനം ഇപ്പോള്‍ സിമെന്റ്, വൈദ്യുതി ഉത്പാദ‌നരംഗത്തു ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. പ്രായോഗികമായ ക്ഷേമപദ്ധതികളാണ് രമണ്‍ സിങ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.