നെയ്യാറ്റിൻകര ജയിലിലേക്ക് അയയ്ക്കരുത്; കീഴടങ്ങാൻ നിബന്ധനയുമായി ഹരികുമാർ

ഒളിവിൽ കഴിയുന്ന ഡിവൈഎസ്പി ഹരികുമാർ, മരിച്ച സനൽ

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയിലെ സനൽകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം ശക്തമാക്കി ക്രൈംബ്രാഞ്ച്. കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമാണ് അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.

എന്നാൽ കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് ഹരികുമാർ നിബന്ധന വെച്ചു. പൊലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താനുൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതികൾ നെയ്യാറ്റിൻകരയിലുണ്ട്. അതിനാൽ തന്നെ അവിടേക്ക് അയക്കുന്നത് സുരക്ഷിതമാകില്ലെന്ന നിഗമനത്തിലാണ് ഹരികുമാർ നിബന്ധന വെച്ചിരിക്കുന്നത്.

ക്വാറി ഉടമകളും, പൊലീസ് അസോസിയേഷന്‍ ഉന്നതനും സഹായിക്കുന്ന ഹരികുമാര്‍, തമിഴ്നാട്ടിലെ അരമന, ചിത്തിരംകോട് പ്രദേശത്ത് ഒളിവിലെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇന്നോ നാളെയോ കീഴടങ്ങിയേക്കുമെന്നാണ് സൂചന.

നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനു ഒളിവില്‍ പോകാന്‍ സഹായിച്ചതും ഇവിടെ കഴിയാന്‍ അവസരമൊരുക്കുന്നത് എന്നുമാണു സൂചന. ഇവരുടെ തന്നെ ദുബായിലുള്ള ബന്ധുവിന്റെ അടുത്തേക്ക് ബെംഗളൂരു വഴി മാറ്റാന്‍ തീരുമാനിച്ചെങ്കിലും പാസ്പോര്‍ട്ട് കണ്ടുകെട്ടാനുള്ള ഐജിയുടെ തീരുമാനത്തില്‍ പാളുകയായിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഹരികുമാര്‍–ക്വാറി–രാഷ്ട്രീയ നേതൃത്വം ബന്ധം നെയ്യാറ്റിന്‍കരയിലെ സജീവ ചര്‍ച്ചയുമാണ്. ഇവരുടെ സഹായത്തോടെ തമിഴ്നാട്ടിലുള്ള ഹരികുമാരിനെ കണ്ടെത്താനാണ് തമിഴ്നാട് പൊലീസിന്റെ സഹായം തേടിയത്. കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വ്യക്തമായ ധാരണയും രക്ഷപ്പെടാന്‍ സഹായിച്ച വഴികളും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടടക്കമുണ്ടായിട്ടും നടപടിയെടുക്കാന്‍ പൊലീസിനു സാധിച്ചില്ല.

ജില്ലയിലെ ഉന്നത രാഷ്ട്രീയ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നതും പരസ്യമായ രഹസ്യമാണ്. അതേസമയം അറസ്റ്റ് വൈകുന്നതു സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കുമെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വികാരം കൂടി കണക്കിലെടുത്തു കീഴടങ്ങണമെന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ തന്നെ ഹരികുമാറിന്റെ സഹോദരങ്ങളെ അറിയിച്ചിട്ടുണ്ട്.