Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജിയുടെ സത്യഗ്രഹ പന്തലിൽ ദുഃഖമണി അടിച്ചു പ്രതിഷേധം

തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥൻ തള്ളിയതിനെ തുടർന്നു വാഹനമിടിച്ചു നെയ്യാറ്റിൻകരയിൽ മരിച്ച സനലിന്റെ ഭാര്യ വിജി സത്യഗ്രഹം ആരംഭിച്ച് 20 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്കു തയാറാകാത്തതിനാൽ സത്യഗ്രഹ പന്തലിൽ ദുഃഖമണി അടിച്ചു പ്രതിഷേധം. 20–ാം ദിന സത്യഗ്രഹം വി.ഡി.സതീശൻ ​എംഎൽഎ ഉദ്ഘാ‌‌ടനം ചെയ്തു.

സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും വാഗ്ദാനം ചെയ്ത നഷ്‌‌‌ടപരിഹാരവും ജോലിയും വിജിക്കു നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു. മൂന്നു മന്ത്രിമാർ സനലിന്റെ മരണത്തിനു ശേഷം വിജിയെ സന്ദർശിച്ചിട്ടു​ണ്ട്. ഇവരുടെ വാക്കുകൾക്കു സർക്കാർ വില കൽപ്പിക്കുന്നില്ലെന്നാണ് ഈ നിലപാടിന്റെ അർഥം. സനലിന്റെ മരണത്തിനു ശേഷം ആർഡിഒ രേഖാമൂലം നൽകിയ ​ഉറപ്പ് പാലിക്കാൻ സർക്കാരിനു ബാധ്യതയുണ്ടന്നും സതീശൻ പറ​ഞ്ഞു.

വിജിയുടെ കുടുംബത്തിന് എൻഎസ്എസിന്റെ 50,000 രൂപ

കടക്കെണിയിലകപ്പെട്ട വിജിയുടെ കുടുംബത്തിനെ സഹായിക്കാൻ എൻ​എസ്എസ് താലൂക്ക് യൂണിയൻ 50,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ സത്യഗ്രഹ പന്തലിലെത്തിയാണു സഹായം പ്രഖ്യാപിച്ചത്.  വിജിയെ സാമ്പത്തികമായി സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ടു വരുമെന്നാണു പ്രതീക്ഷയെന്ന് ​ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.