മൺവിളയിൽ ഫാക്ടറിക്ക് തീവച്ചത് മനഃപൂർവം; ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചെന്ന് മൊഴി

പൊലീസിന്റെ പിടിയിലായ ബിനു, ബിമല്‍

തിരുവനന്തപുരം∙ മൺവിള പ്ലാസ്റ്റിക് ഫാക്ടറിക്കു മനഃപൂർവം തീവച്ചതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. സ്റ്റോറിൽ ഹെൽപ്പറായിരുന്ന വിമലാണ് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയത്. ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചായിരുന്നു അട്ടിമറി. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ബിനുവിനു ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളും സഹപ്രവർത്തകരുടെ മൊഴിയും കേസിൽ നിർണായകമായി. മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറി കത്തിനശിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് അഗ്നിരക്ഷാസേന കണ്ടെത്തിയിരുന്നു. ആറുമണിക്കുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ചില വ്യക്തികള്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങുന്നതു കണ്ടതായി സേനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരാള്‍ മറ്റൊരാളുടെ കൈപിടിച്ചു വലിച്ചു കൊണ്ടുപോകുന്നതായും ഒരാള്‍ ക്യാമറയിലേക്ക് നോക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം കമ്പനിയിലെ നാല് ഇതരസംസ്ഥാനതൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. തീപിടിത്തം നടന്ന ദിവസം ജോലി സമയം കഴിഞ്ഞ് ഇവർ മൂന്നാം നിലയിലെ സ്റ്റോറിലേക്കു കയറുന്ന സിസി ടിവി ദൃശ്യം ലഭിച്ചതിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്തത്. തീപിടിത്തം ഉണ്ടാകുന്നതിന് ഏതാനും മിനിറ്റുകൾക്കു മുമ്പാണ് ഇവർ ആദ്യം തീപിടിത്തം നടന്ന കെട്ടിടത്തിലേക്കു പ്രവേശിച്ചത്. പത്തു വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ ജോലി സമയം കഴിഞ്ഞ് എന്തിനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവേശിച്ചതെന്ന് അന്വേഷിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ചോദ്യം ചെയ്തതിൽ നിന്ന് ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്നു തെളിഞ്ഞതിനാൽ വിട്ടയക്കുകയായിരുന്നു.

ഇതിനിടെയാണ് മറ്റു രണ്ട് മലയാളി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായത്. തീപിടിത്തത്തിന് മുൻപ് ഇവർ മൂന്നാം നിലയിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഫാക്ടറി പൂർണമായും കത്തിനശിച്ച തീപിടിത്തത്തിന് ദിവസങ്ങൾക്ക് മുൻപ് ചെറിയ തോതിൽ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. തുടരെയുണ്ടായ തീപിടിത്തം അട്ടിമറി മൂലമാണോ എന്ന സംശയം ഇതോടെയാണ് പൊലീസിനുണ്ടായത്. തീപിടിത്തവുമായി ബന്ധപ്പെട്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈൽ ഫോണുകൾ ശേഖരിച്ചു സൈബർ പൊലീസിനു കൈമാറുകയും ചെയ്തു.