Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ്റ്റിക് ഫാക്ടറിയിലെ വൻ അഗ്നിബാധ നിയന്ത്രിച്ചത് 12 മണിക്കൂർ കൊണ്ട്; അന്വേഷണം തുടങ്ങി

family-plastics-fire എരിഞ്ഞുതീരാതെ: തിരുവനന്തപുരം ശ്രീകാര്യത്തിനു സമീപം മൺവിളയിൽ ബുധനാഴ്ച രാത്രിയുണ്ടായ വൻ അഗ്നിബാധയിൽ കത്തിനശിച്ച പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽനിന്നു പുക ഉയരുന്നു. ഇന്നലെ രാവിലത്തെ ദൃശ്യം. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിന്റെ നിർമാണ യൂണിറ്റിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതു 12 മണിക്കൂറിനു ശേഷം. ബുധനാഴ്ച രാത്രി ഏഴിനു തുടങ്ങിയ തീപിടിത്തം നിയന്ത്രണവിധേയമാക്കിയത് ഇന്നലെ രാവിലെ എട്ടു മണിയോടെ. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണു സൂചന.

നഷ്ടം ഏതാണ്ട് 40 കോടി രൂപ വരുമെന്ന് ഉടമ സിംസൺ ഫെർണാണ്ടസ് പറഞ്ഞു. നാലു നിർമാണ യൂണിറ്റുകളിൽ രണ്ടെണ്ണം പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനു പുറമെ വ്യവസായ വകുപ്പും അഗ്നിശമനസേനയും പ്രത്യേകം അന്വേഷണം നടത്തും. ഫൊറൻസിക് സംഘം പ്രാഥമിക പരിശോധന നടത്തി. കെട്ടിടം തകർന്ന നിലയിലായതിനാൽ ഉള്ളിൽ കയറിയുള്ള വിശദമായ പരിശോധന സാധ്യമല്ല.

പ്ലാസ്റ്റിക്കും അസംസ്കൃത വസ്തുക്കളും കത്തിയതിനെ തുടർന്നുണ്ടായ വിഷവാതകം രണ്ടു കിലോമീറ്റർ ചുറ്റളവിലാണു വ്യാപിച്ചത്. ഇതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനെ നിയോഗിച്ചു. 

പ്രദേശത്തെ ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് അസ്വസ്ഥതയുണ്ടോയെന്നു പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിച്ചു. സമീപത്തെ രണ്ടു താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്നലെ അവധി നൽകി. 

ഡീസൽ ബാരലുകൾ ഉള്ളിലുണ്ടായിരുന്നതിനാൽ തീപിടിത്തത്തിന് അനുകൂലമായ സാഹചര്യമൊരുങ്ങിയെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സർക്കാർ വകുപ്പുകളുടെ എതിർപ്പില്ലെങ്കിൽ മറ്റു രണ്ടു യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തിപ്പിക്കാനാണു ഫാക്ടറി മാനേജ്മെന്റിന്റെ തീരുമാനം.

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിൽ നിന്നായി അൻപതിലധികം അഗ്നിശമനസേനാ വാഹനങ്ങളാണ് രക്ഷാദൗത്യത്തിൽ പങ്കുചേർന്നത്.

ചെറിയ നിലയിൽ 1998 ൽ മൺവിളയിൽ ആരംഭിച്ച ഫാമിലി പ്ലാസ്റ്റിക്സ് പുനരുപയോഗിക്കാത്ത വിർജിൻ പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രനിർമാണത്തിലൂടെ കുറഞ്ഞ കാലം കൊണ്ടാണു വിപണിയിൽ ഒന്നാമതെത്തിയത്. പാത്രങ്ങൾ മുതൽ ഫർണിച്ചർ വരെ 700 ഉൽപന്നങ്ങൾ ഇന്നു കമ്പനിക്കുണ്ട്. 500 തൊഴിലാളികളും ഇവിടെ പ്രവർത്തിക്കുന്നു.

related stories