ബ്രിട്ടനിൽ ഏഴായിരത്തിലധികം കുടുംബങ്ങൾക്ക് ഇപ്പോഴും ബ്ലാക്ക് & വൈറ്റ് ടെലിവിഷൻ

ലണ്ടൻ∙ പഴമകൾ സൂക്ഷിക്കാനും പാരമ്പര്യങ്ങൾ പിന്തുടരാനും എപ്പോഴും താൽപര്യം കാണിക്കുന്നവരാണ് ബ്രിട്ടിഷുകാർ. ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ കാണുന്ന ഏഴായിരത്തിലധികം കുടുംബങ്ങളുടെ കണക്ക്.

സാങ്കേതികവിദ്യയുടെ പുരോഗതിയിൽ സ്ക്രീൻ പോലുമില്ലാതെ സാധാരണ ഭിത്തിയിൽ എച്ച്ഡി ടെലിവിഷൻ പരിപാടികൾ കാണാൻ കഴിയുന്ന കാലഘട്ടത്തിലാണ് ആദ്യകാലത്ത് ഉണ്ടായിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയെ തന്നെ ആശ്രയിച്ച് ഇത്രയേറെയാളുകൾ ബ്രിട്ടൻ പോലൊരു വികസിത രാജ്യത്ത് കഴിയുന്നത്. 

കളർ സംപ്രേക്ഷണം തുടങ്ങി അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇത്രയേറെയാളുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനെ ആശ്രയിക്കുന്ന മറ്റൊരു വികസിത രാജ്യവും ലോകത്തുണ്ടാകില്ല. ടെലിവിഷൻ കാണാൻ ഇപ്പോഴും ലൈസൻസ് വേണ്ട രാജ്യമാണ് ബ്രിട്ടൻ. ഇതനുസരിച്ച് 7161 പേർക്കാണ് ബ്രിട്ടനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ ലൈസൻസുള്ളത്. ഇതിൽ ഏറെപ്പേരും ലണ്ടനിലാണ് – 1,768. വെസ്റ്റ് മിഡ്ലാൻഡ്സ് - 431, ഗ്രേറ്റർ മാഞ്ചസ്റ്റർ - 390 എന്നിവയാണ് തൊട്ടുപിന്നിൽ. 

1967 ലാണ് ബ്രിട്ടനിൽ ബിബിസി കളർ സംപ്രേക്ഷണം ആരംഭിച്ചത്. ബിബിസി-2ൽ വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റായിരുന്നു ആദ്യം കളറിൽ സംപ്രേക്ഷണം ചെയ്ത പരിപാടി. അതേസമയം, ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി ലൈസൻസുകൾക്ക് അനുമതി തേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. 2000 ൽ 1,12,000 പേരാണ് ഇതിന് അപേക്ഷ നൽകിവന്നതെങ്കിൽ 2015 ൽ ഇത് 10,000 ആയി. ഇതാണ് നിലവിൽ എഴായിരത്തിലേക്ക് കുറഞ്ഞത്. 

ബ്രിട്ടനിൽ നിലവിലുളള പകുതിയോളം ടിവിയും ഇന്റർനെറ്റ് ബന്ധിതമാണ്. ബ്രിട്ടനിൽ ഏതു ഉപകരണത്തിലൂടെയും തൽസമയം ദൃശ്യങ്ങൾ കാണാനും അവ റെക്കോർഡ് ചെയ്യാനും ലൈസൻസ് ആവശ്യമാണ്. കളർ ടിവി ലൈസൻസിന് ഉദ്ദേശം 150.50 പൗണ്ടാണ് ലൈസൻസ് ഫീസ്, ഇത് ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി കാണുന്നതിനുള്ള ലൈൻസൻസ് ഫീസിന് മൂന്നിരട്ടിയാണ്.