വോട്ടിങ് യന്ത്രവും ഉദ്യോഗസ്ഥരും ആകാശമാര്‍ഗം; നിർണായകം ഛത്തീസ്ഗഡിലെ ‘റെഡ് സോണ്‍’

ഛത്തീസ്ഗഡിലെ ബസ്താറിൽ പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരുമായെത്തിയ ഹെലികോപ്റ്റർ.

റായ്പുർ ∙ ഇക്കഴിഞ്ഞ 15 ദിവസത്തിനിടെ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണങ്ങൾ അരഡസനോളം വരും. അവയിൽ നാലെണ്ണം തികച്ചും അക്രമാസക്തം. കൊല്ലപ്പെട്ടതു സൈനികരും ദൂരദർശന്‍ ക്യാമറാമാനും ഉൾപ്പെടെ 13 പേർ. ഈ അതിക്രമങ്ങളൊന്നും പക്ഷേ സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ തളർത്തുന്നില്ല. മത്സരിക്കുന്നതിൽനിന്ന് അധികമാരെയും പിന്തിരിപ്പിക്കുന്നുമില്ല. നവംബര്‍ 12നു നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 190 സ്ഥാനാർഥികളാണ്. മുഖ്യമന്ത്രി രമൺ സിങ്ങിന്റെ മണ്ഡലമായ രാജ്നന്ദൻഗാവിൽ ഉൾപ്പെടെയാണിത്. അവിടെയാണ് ഏറ്റവുമധികം പേർ ആദ്യഘട്ടത്തിൽ മത്സരിക്കുന്നതും – 30 സ്ഥാനാർഥികൾ.

ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത് ബസ്താർ, കൊണ്ടാഗാവ് മണ്ഡലങ്ങളിലാണ്; അഞ്ചു വീതം മാത്രം. 31,79,520 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിക്കുക. ഇവരിൽ കൂടുതലും വനിതകളാണ്–16,21,839 പേർ. 15,57,592 പുരുഷ വോട്ടർമാരുമുണ്ട്. ഇതരലിംഗ വിഭാഗത്തിൽപ്പെട്ടവരുമുണ്ട്. 4336 പോളിങ് ബൂത്തുകളാണ് ഒന്നാം ഘട്ടത്തിനായി ഒരുക്കിയിരിക്കുന്നത്. 2000 നവംബർ ഒന്നിനായിരുന്നു ഛത്തീസ്ഗഡിന്റെ രൂപീകരണം. അന്നു മുതൽ 2003 വരെ ഭരിച്ചത് അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു. 2003 ല്‍ ഭരണം പിടിച്ച ബിജെപി ഇതുവരെ അധികാരം വിട്ടുകൊടുത്തിട്ടില്ല.

തുടർച്ചയായ 15 വർഷം മുഖ്യമന്ത്രിയായത് ബിജെപിയുടെ രമൺ സിങ്. പരമ്പരാഗത വൈരികളായ ബിജെപി–കോൺഗ്രസ് ഏറ്റുമുട്ടൽ കണ്ടുകൊണ്ടിരുന്ന സംസ്ഥാനത്ത് എന്നാൽ ഇത്തവണ ഒരു മൂന്നാംചേരിയാണു നിർണായക സ്ഥാനത്ത്. മുൻ കോൺഗ്രസ് നേതാവ് അജിത് ജോഗി പാർട്ടി വിട്ട് ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് രൂപീകരിച്ചിരിക്കുന്നു. മായാവതിയുടെ ബിഎസ്പിയെയും സിപിഐയെയും കൂട്ടുപിടിച്ചാണ് ജോഗിയുടെ ഇത്തവണത്തെ പോരാട്ടം.

ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റുകളില്‍ 29 എണ്ണവും പട്ടികവർഗ വിഭാഗക്കാർക്കാണ്. പത്തെണ്ണം എസ്‌സി വിഭാഗത്തിനും. സംവരണമില്ലാത്ത സീറ്റുകളിലാണെങ്കിൽപ്പോലും 40 മണ്ഡലങ്ങളിൽ എസ്‌സി വിഭാഗം ജനങ്ങള്‍ പത്തു ശതമാനത്തിലേറെയുണ്ട്. സംസ്ഥാനത്തെ ആകെ ജനസംഖ്യയിൽ 48 ശതമാനവും മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ്.

ഒന്നാം ഘട്ടത്തിലെ 18 സീറ്റിൽ 12 എണ്ണത്തിലും പട്ടിക വർഗ സംവരണമാണ്; ഒരെണ്ണത്തിൽ പട്ടികജാതി വിഭാഗവും. പട്ടികജാതി–വർഗ വിഭാഗത്തിന്റെ വോട്ടു ലക്ഷ്യമിട്ടാണ് ജോഗി മായാവതിയുമായി കൂട്ടുകൂടിയിരിക്കുന്നത്. സത്‌നാമി വിഭാഗക്കാരനായ ജോഗി ആ വിഭാഗത്തിന്റെ ഉൾപ്പെടെ വോട്ടും ഉറപ്പാക്കുന്നു. ഈ കൂട്ടുകെട്ടിൽ ജോഗിയാണു മുഖ്യമന്ത്രി സ്ഥാനാർഥി. മായാവതിയാകട്ടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയും.

മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമായ 12 മണ്ഡലങ്ങളെ ‘റെഡ് സോൺ’ സീറ്റുകളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശ്നബാധിത മണ്ഡലങ്ങളിൽ പത്തെണ്ണത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് മൂന്നു വരെയാണ് പോളിങ്; എട്ടു മണ്ഡലങ്ങളിൽ രാവിലെ എട്ടു മുതൽ അഞ്ചു വരെയും. കനത്ത സുരക്ഷയിലാണ് പോളിങ് സാമഗ്രികൾ ഓരോ ബൂത്തിലും എത്തിച്ചിരിക്കുന്നത്. ഹെലികോപ്റ്ററുകൾ വഴിയാണ് വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിച്ചത്. ചില വിദൂര ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥരെ എത്തിക്കുന്നതും ഹെലികോപ്റ്ററിലാണ്. ഇരുനൂറോളം ബൂത്തുകളിൽ ഇത്തവണ ഹെലികോപ്റ്റർ സേവനം ഉറപ്പാക്കും. ‌

പഴയ മുഖങ്ങളിലേറെയും മാറ്റിയാണ് ബിജെപി ഇത്തവണ സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ മന്ത്രിമാരായ മഹേഷ് ഗാഗ്ജ, കേദാർ കശ്യപ് എന്നിവരെ നിലനിർത്തി; എംഎല്‍എമാരായ സന്തോഷ് ബാഫ്ന, സരോജിനി ബഞ്ജാരെ എന്നിവരെയും. ഒൻപത് സിറ്റിങ് എംഎൽഎമാരെ കോൺഗ്രസും നിലനിർത്തി. ഛത്തീസ്ഗഡിലെ ശേഷിക്കുന്ന 72 മണ്ഡലങ്ങളിൽ നവംബർ 20നാണു വോട്ടെടുപ്പ്.