നിക്ഷേപ തട്ടിപ്പ് കേസ്: മുൻ മന്ത്രി ജനാർദന റെഡ്ഡി അറസ്റ്റിൽ

ജനാർദന റെഡ്ഡി

ബെംഗളൂരു∙ മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദന റെഡ്ഡിയെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഞായറാഴ്ച രാവിലെ ജനാർദന റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ശനിയാഴ്ച മുതൽ റെഡ്ഡിയെ ചോദ്യംചെയ്തു വരുകയായിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നു മുതിർന്ന പൊലീസ് ഉദ്യേഗസ്ഥൻ അലോക് കുമാർ പറഞ്ഞു. റെഡ്ഡിയെ ഉടൻതന്നെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും. പണം നിക്ഷേപകർക്കു തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ജനാർദന റെഡ്ഡിയുടെ സഹായിയായ അലി ഖാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, ജനാർദന റെഡ്ഡിയെ കേന്ദ്ര ക്രൈം ബ്രാഞ്ച് ഓഫിസിൽ പുലർച്ചെ രണ്ടര വരെ ചോദ്യം ചെയ്തതായി സൂചനയുണ്ടായിരുന്നു. ചോദ്യംചെയ്യലിനു ശേഷം കാത്തിരിപ്പു മുറിയിൽത്തന്നെയാണ് റെഡ്ഡി ഉറങ്ങിയതെന്നും വാർത്തകളുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുള്ള ആരോപണം തള്ളി ജനാർദന റെഡ്ഡി വിഡിയോ സന്ദേശം ഇറക്കിയിരുന്നു. താൻ ഒളിവിലല്ല. ഈ നഗരത്തിൽത്തന്നെയുണ്ട്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. തന്റെ പേരിലുള്ള ആരോപണം തെളിയിക്കാനുള്ള ഒരു തെളിവുകളും പൊലീസിന്റെ പക്കലില്ല. എഫ്ഐആറിൽ പോലും തന്റെ പേരില്ല. അവർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആളുകൾക്കു സത്യം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ വിഡിയോ. പൊലീസിൽ തനിക്കു പൂർണ വിശ്വാസമുണ്ട്. ഒരു രാഷ്ട്രീയ സമ്മർദത്തിനും അവർ വഴങ്ങില്ലെന്നു കരുതുന്നു.– ജനാർജൻ റെഡ്ഡി പറഞ്ഞു.

ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ജനാർദന റെഡ്ഡിക്കു നോട്ടിസ് നൽകിയത്. കേസിൽ മുൻകൂർ ജാമ്യം തേടി വെള്ളിയാഴ്ച റെഡ്ഡി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.