രാമക്ഷേത്രം നിർമിക്കുന്നതിൽ പ്രധാന പ്രതിബന്ധം കോൺഗ്രസ്: യോഗി ആദിത്യനാഥ്

റായ്പുർ∙ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ പ്രധാന പ്രതിബന്ധം കോൺഗ്രസ് ആണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ടാം ഘട്ട പോളിങ്ങിനൊരുങ്ങുന്ന ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഉള്ളിടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനം വെറും കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് കോൺഗ്രസ് നേതാവ് കപിൽ സിബൽ അയോധ്യ ഭൂമി തർക്കക്കേസ് വാദം കേൾക്കുന്നതു ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറുവശത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടത്തിനായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു. ഹിന്ദുക്കളെ തീവ്രവാദികളെന്നു വിളിച്ച് അധിക്ഷേപിക്കുകയാണ് രാഹുലെന്നും അദ്ദേഹം ആരോപിച്ചു.

വിദേശ സന്ദർശനങ്ങളിൽ രാഹുൽ ഇന്ത്യൻ ഹിന്ദുക്കളെ തീവ്രവാദികളെന്നാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കൻ അംബാസഡറെക്കണ്ടപ്പോൾ ലഷ്കറെ തയിബ പോലുള്ള ഭീകരസംഘടനകളിൽനിന്നല്ല ഇന്ത്യൻ ഹിന്ദുക്കളിൽനിന്നാണ് തനിക്കു ഭീഷണിയെന്നാണ് പറഞ്ഞത്. അങ്ങനെ വിശേഷിപ്പിക്കുന്നത് രാജ്യത്തെ 132 കോടി ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്.

സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് രാജ്യത്തിനു നൽകിയത് ഭീകരവാദവും വിഘടനവാദവും നക്സലിസവും അഴിമതിയും കുടുംബാധിപത്യ രാഷ്ട്രീയവുമാണ്. ജാതിയുടെയും ഭരണത്തിന്റെയും പേരിൽ അവർ ജനങ്ങളെ വിഭജിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ച പാർട്ടി നക്സലുകളെ വിപ്ലവകാരികളായി ചിത്രീകരിച്ച് ജവാൻമാരുടെ വീരമൃത്യുവിനെ അപമാനിച്ചു – ആദിത്യനാഥ് കൂട്ടിച്ചേർത്തു.