ഫോണും വാഹനവും തിരി‍ച്ചറിഞ്ഞു; ഡിവൈഎസ്പിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം∙ ഫോണും വാഹനവും തിരിച്ചറിഞ്ഞിട്ടും നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ ഒളിയിടം കണ്ടെത്താനാവാതെ അന്വേഷണസംഘം കുഴങ്ങുന്നു. ഡിവൈഎസ്പിക്ക് ഒളിയിടം ഒരുക്കാനും പണം എത്തിക്കാനും കൂടുതല്‍ പേര്‍ സഹായിക്കുന്നതായി സൂചനയുണ്ട്. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സനലിന്റെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും.

അറസ്റ്റിലായ സതീഷ്കുമാര്‍ എടുത്ത് നല്‍കിയ രണ്ട് സിം കാര്‍ഡുകളും ഏര്‍പ്പാടാക്കിയ വാഹനവും ഉപയോഗിച്ചാണ് ഡിവൈഎസ്പി ഹരികുമാറും കൂട്ടുപ്രതി ബിനുവും ഒളിവില്‍പ്പോയിരിക്കുന്നത്. ഇന്നലെ ഉച്ചവരെ ഇതില്‍ ഒരു സിം ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ സഞ്ചരിക്കുന്നയിടം തിരിച്ചറിയാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മൊബൈല്‍ എല്ലാം ഓഫായതിനാല്‍ എവിടെയാണ് ഇപ്പോഴുള്ളതെന്നു തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കേരളത്തോടു ചേര്‍ന്നുള്ള തമിഴ്നാട് അതിര്‍ത്തി ജില്ലകൾ വഴിയാണ് ഇവരുടെ സഞ്ചാരമെന്നാണ് പൊലീസിന്റെ നിഗമനം. തുടര്‍ച്ചയായി ഒളിയിടം മാറുന്നത് കൊണ്ട് തന്നെ പണവും സൗകര്യങ്ങളും നല്‍കി കൂടുതല്‍ പേര്‍ ഡിവൈഎസ്പിയെ സഹായിക്കുന്നതായും ക്രൈംബ്രാഞ്ച് കരുതുന്നു. ഇവരെ തിരിച്ചറിയാനും പിടികൂടാനും ശ്രമം തുടങ്ങി. ഏതാനും പേര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം അറിയിച്ചു. നാളെയാണ് ഡിവൈഎസ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പ്രതിയെ രക്ഷിക്കാന്‍ ശ്രമമെന്ന ആക്ഷേപം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ജാമ്യാപേക്ഷ പരിഗണിക്കും മുന്‍പ് ഡിവൈഎസ്പിയെ പിടിക്കണമെന്നാണ് പൊലീസിന്റെ തീരുമാനം. കൂടുതലിടങ്ങളിലേക്ക് ഒളിവില്‍ പോകാതിരിക്കാന്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ബന്ധുക്കളെ തുടര്‍ച്ചയായി ചോദ്യം ചെയ്യാനും അന്വേഷണസംഘം ശ്രമം തുടങ്ങി. അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. തിരിച്ചില്‍ ഊര്‍ജിതമാക്കാനായി കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കും. അതേസമയം കോടതിയുടെ മേല്‍‌നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സനലിന്റെ ഭാര്യ വിജി ഹൈക്കോടതിയെ സമീപിക്കുന്നത്.