രോഹിങ്യന്‍ പ്രശ്‌നം: സൂ ചിക്കു നല്‍കിയ ബഹുമതി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പിന്‍വലിച്ചു

ലണ്ടന്‍ ∙ മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂ ചിക്കു നല്‍കിയ പരമോന്നത ബഹുമതി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പിന്‍വലിച്ചു. രോഹിങ്യന്‍ മുസ്്‌ലിംകള്‍ക്കു നേരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ ഇടപെടാത്തതു ചൂണ്ടിക്കാട്ടിയാണു ബഹുമതി പിന്‍വലിക്കാന്‍ സംഘടന തീരുമാനിച്ചത്. സൂ ചിയുടെ ബഹുമാനാര്‍ഥം നല്‍കിയിരുന്ന കാനേഡിയന്‍ പൗരത്വവും ഇതേ പ്രശ്‌നത്തിന്റെ പേരില്‍ പിന്‍വലിച്ചിരുന്നു. ഭീര്‍ഘകാലം പട്ടാളഭരണകൂടത്തിന്റെ വീട്ടുതടങ്കലിലായിരുന്നപ്പോഴാണ് സൂ ചിക്കു നൊബേല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നല്‍കിയിരുന്നത്. 

മുമ്പു സ്വീകരിച്ചിരുന്ന നിലപാടുകളോടു ലജ്ജാവഹമായ വഞ്ചനയാണു സൂ ചി കാണിക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ സൂ ചിയെ പ്രത്യാശയുടെ പ്രതീകമായി കണക്കാക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. 2009-ലാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സൂ ചിക്ക് പരമോന്നത ബഹുമതി നല്‍കി ആദരിച്ചത്. 

2017 ഓഗസ്റ്റില്‍ മ്യാന്‍മര്‍ സൈന്യം ആരംഭിച്ച നടപടികളെ തുടര്‍ന്നു ലക്ഷക്കണക്കിന് രോഹിങ്യന്‍ മുസ്്‌ലിംകള്‍ക്കാണു മ്യാന്‍മര്‍ വിടേണ്ടിവന്നത്. രോഹിങ്യകളെ സൈന്യം കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും അതിശക്തമായ ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് രാജ്യാന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തെ സൂ ചി എതിര്‍ക്കുകയായിരുന്നു. രോഹിങ്യകളെ ഭീകരരെന്നു മുദ്രകുത്തി അവര്‍ക്കെതിരേ വിദ്വേഷം പടര്‍ത്തുകയാണ് സൂ ചിയുടെ ഭരണകൂടം ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്. 

ന്യൂനപക്ഷങ്ങള്‍ക്കെതിരേ സൈന്യം ആക്രമണം നടത്തിയപ്പോള്‍ സൂ ചി ഇടപെട്ടില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു പല രാജ്യങ്ങളും സൂ ചിക്കു നല്‍കിയ ബഹുമതികള്‍ തിരിച്ചെടുത്തത്. പിന്നാലെ സൂ ചിക്കു 1991-ല്‍ നല്‍കിയ സമാധാന നൊബേല്‍ തിരിച്ചെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്നായിരുന്നു നൊബേല്‍ ഫൗണ്ടേഷന്‍ സ്വീകരിച്ച നിലപാട്.