സനലിനെ കൊന്നത് മനഃപ്പൂര്‍വം; തളളിയിട്ടത് വാഹനം വരുന്നതു കണ്ടശേഷം: ക്രൈംബ്രാഞ്ച്

ഡിവൈഎസ്പി: ബി.ഹരികുമാർ, കൊല്ലപ്പെട്ട സനൽ

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കര സ്വദേശി സനലിന്റേത് ഡി‌വൈഎസ്പി ബി.ഹരികുമാര്‍ മനഃപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

വാഹനം വരുന്നത് കണ്ടശേഷമാണ് സനലിനെ വഴിയിലേക്ക് തള്ളിയിട്ടതെന്നും ഒളിവില്‍ പോയത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായും കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം ഡിവൈഎസ്പിയും സംഘവും തമിഴ്നാട് വിട്ട് കേരള കര്‍ണാടക അതിര്‍ത്തിയിലേക്ക് ഒളിയിടം മാറ്റിയതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.

ഡിവൈഎസ്പി  ബി.ഹരികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കുന്നത്. അതിനെ എതിര്‍ത്ത് നല്‍കുന്ന റിപ്പോര്‍ട്ടിലാണ് ഡിവൈഎസ്പിയുടെ മേല്‍ കൊലക്കുറ്റം ഉറപ്പിക്കുന്ന വാദങ്ങളും തെളിവുകളും ക്രൈംബ്രാഞ്ച് മുന്നോട്ട് വയ്ക്കുന്നത്.

സനലിന്റേത്  കരുതിക്കൂട്ടി നടത്തിയ കൊലയല്ലെന്നും അപകടമരണമാണെന്നുമാണ് ഡിവൈഎസ്പിയുടെ പ്രധാനവാദം. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ മനഃപ്പൂര്‍വമുള്ള കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അപകടമുണ്ടായ സ്ഥലത്ത് ഹരികുമാറും സനലും തമ്മില്‍ പത്ത് മിനിറ്റിലേറെ വാഗ്വാദമുണ്ടായി. സനലിന്റെ നേര്‍ക്ക് ഡിവൈഎസ്പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്.

സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു. സംഭവശേഷം കീഴടങ്ങാതിരുന്നതും ദിവസങ്ങളായി ഒളിവില്‍ കഴിയുന്നതും മനഃപ്പൂര്‍വം നടത്തിയ കുറ്റകൃത്യമെന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

എന്നാല്‍ കൊലപാതകമുണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ പൊലീസിനെ വെട്ടിച്ച് പായുകയാണ് ഡിവൈഎസ്പിയും കൂട്ടുപ്രതി ബിനുവും. കഴിഞ്ഞദിവസം വരെ തമിഴ്നാട്ടിലായിരുന്നെങ്കില്‍  രണ്ട് ദിവസമായി കേരള..കര്‍ണാടക അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതായാണ് തെളിവ് ലഭിക്കുന്നത്.

മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി പരിഗണിക്കും മുന്‍പ് അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.