നെയ്യാറ്റിൻകര കൊലപാതകം: കൂട്ടുപ്രതി ബിനുവും സതീഷിന്റെ സഹായിയും കീഴടങ്ങി

മരിച്ച സനൽ, സതീഷിന്റെ സഹായി രമേശ്

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ എസ്.സനലിനെ കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതി കെ.ബിനു കീഴടങ്ങി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണു ബിനു കീഴടങ്ങിയത്. നേരത്തേ അറസ്റ്റിലായ, ടൂറിസ്റ്റ് ഹോം നടത്തുന്ന നെടുമങ്ങാട് സ്വദേശി സതീഷ് കുമാറിന്റെ സഹായിയും ഡ്രൈവറുമായ രമേശും കീഴടങ്ങി. മരിച്ച ഡിവൈഎസ്പി ഹരികുമാറിനൊപ്പം ബിനു ഒളിവിലായിരുന്നു.

ഹരികുമാറിനെ രാവിലെയാണു തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിൽ ഒളിവിലാണെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹരികുമാറിന്റെ സുഹൃത്ത് കൂടിയായ ബിനുവിന്റെ വീടിനു മുന്നിൽ വച്ചാണ് സനലിന്റെ മരണം സംഭവിക്കുന്നത്.

ഹരികുമാറിനെയും സുഹൃത്തും പണമിടപാടു സ്ഥാപന ഉടമയുമായ കെ.ബിനുവിനെയും രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ നേരത്തേ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. ബിനുവിന്റെ മകൻ അനൂപ് കൃഷ്ണ, മാർത്താണ്ഡത്തിനു സമീപം തൃപ്പരപ്പിൽ അക്ഷയ ടൂറിസ്റ്റ് ഹോം നടത്തുന്ന നെടുമങ്ങാട് സ്വദേശി സതീഷ് കുമാർ എന്നിവരാണു പിടിയിലായത്.