ഓഹരി വിപണിയിൽ ഇടിവ്; രൂപ മൂല്യം ഉയർത്തി; ക്രൂഡ് ഓയിൽ വില കുറഞ്ഞു

പ്രതീകാത്മക ചിത്രം

കൊച്ചി∙ രാജ്യാന്തര മാർക്കറ്റിന്റെ ചുവടുപിടിച്ച് ഏഷ്യൻ മാർക്കറ്റിലും ഇന്ത്യൻ വിപണിയിലും ഇടിവ്. നിഫ്റ്റി കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 30.3 പോയിന്റ് ഇടിവിൽ 10451.90നാണു വ്യാപാരം ആരംഭിച്ചത്. സെൻസെക്സാകട്ടെ കഴി‍ഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ വച്ചു നേരിയ വർധനവിൽ 34,846.19നു വ്യാപാരം ആരംഭിച്ചു. തുടർന്ന് ഒരുവേള വ്യാപാരം 34861.26 വരെ എത്തിയെങ്കിലും ഇടിവു പ്രവണതയാണു നിലവിൽ പ്രകടമാകുന്നത്. നിഫ്റ്റി 10520നു താഴെ വ്യാപാരം തുടരുന്ന പശ്ചാത്തല‍ത്തിൽ ഇടിവു പ്രവണത തുടരാനാണു സാധ്യതയെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 10440–10400 ആയിരിക്കും ഇന്നത്തെ സപ്പോർട്ട് ലവൽ. വിപണി 10520നു മുകളിലേക്കു കടന്നാൽ 10565 എന്ന റെസിസ്റ്റൻസ് ലവൽ വരെ എത്തിയേക്കാം എന്നു മാത്രം.

ഐടി ഒഴികെ ഇന്ത്യൻ വിപണിയിൽ എല്ലാ സെക്ടറും ഇടിവു നേരിടുകയാണ്. ഫാർമ, പബ്ലിക് സെക്ടർ ബാങ്ക്സ്, റിയൽറ്റി, മീഡിയ സെക്ടറുകളാണു നിലവിൽ കനത്ത നഷ്ടം നേരിടുന്ന സെക്ടറുകൾ. 667 സ്റ്റോക്കുകൾ നേരിയ നേട്ടം പ്രകടമാക്കുമ്പോൾ 949 സ്റ്റോക്കുകളും വിൽപന പ്രവണതയിലാണുള്ളത്. ഹിന്ദു പെട്രോ, ബിപിസിഎൽ, ഐഒസി, അൾട്രാ ടെക് തുടങ്ങിയവയാണു നിലവിൽ കാര്യമായി നേട്ടത്തിലുള്ള ഓഹരികൾ. അതേസമയം സൺ ഫാർമ, ടാറ്റ മോട്ടോർസ്, യുപിഎൽ, ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ് സ്റ്റോക്കുകളിൽ നഷ്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്.

ആപ്പിളിനും ഗോൾഡ്മാനുമുണ്ടായ കനത്ത ഇടിവു കഴിഞ്ഞ ദിവസം യുഎസ് വിപണിയെ കനത്ത പ്രഹരമാണ് ഏൽപിച്ചത്. ആപ്പിളിനു കഴിഞ്ഞ ദിവസം 5% ഇടിവുണ്ടായിട്ടുണ്ട്. യൂറോപ്യൻ വിപണിയിലും കഴിഞ്ഞ ദിവസം ഇടിവു രേഖപ്പെടുത്തിയത് ഏഷ്യൻ വിപണിയിലും ഇടിവിനു കാരണമായി. ഇന്ത്യൻ രൂപയ്ക്കു ഡോളറിനെതിരെ മൂല്യമുയർന്നതും ക്രൂഡ് ഓയിൽ വിലയിലുണ്ടായ കാര്യമായ ഇടിവും ഇന്ത്യൻ വിപണിക്കു പോസറ്റീവ് പ്രവണത നൽകേണ്ടതാണ്. എന്നാൽ രാജ്യാന്തര വിപണിക്കുണ്ടായ ഇടിവിന്റെ പ്രതിഫലനമാണ് ഇവിടെയുമുള്ളത് എന്നാണു വിലയിരുത്തൽ.