ഹരികുമാറിന്റെ ആത്മഹത്യ: കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷിക്കും

ഹരികുമാർ

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി ഒളിവിൽ കഴിയവെ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്ത കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ അന്വേഷിക്കും. കേസിലെ രണ്ടാംപ്രതി ബിനുവും ഡ്രൈവര്‍ രമേശും ക്രൈംബ്രാഞ്ചില്‍ കീഴടങ്ങിയിരുന്നു. കേസ് അന്വേഷണം അസാനിപ്പിക്കേണ്ടതില്ലെന്നാണു പൊലീസ് തീരുമാനം. ഹരികുമാറും ബിനുവുമായുള്ള സൗഹൃദവും സാമ്പത്തിക ബന്ധങ്ങളും അന്വേഷിക്കും.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണു ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്കു ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു.

ഔദ്യോഗിക ആവശ്യത്തിനു നെയ്യാറ്റിന്‍കരയിലായിരുന്നു താമസം. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

സംഭവശേഷം തൃപ്പരപ്പിലെത്തിയ ഹരികുമാറും ബിനുവും മധുര, മൈസൂര്‍, കോയമ്പത്തൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം കീഴടങ്ങാനായി തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഹരികുമാറിനെ ചൊവ്വാഴ്ച കല്ലമ്പലത്തെ വീട്ടിലെത്തിച്ചശേഷം ബിനു നെയ്യാറ്റിന്‍കരയിലേക്കു പോയി. ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ ബിനു കീഴടങ്ങുകയായിരുന്നു.