ജയിലില്‍ കഴിയുന്ന ഓം പ്രകാശ് ചൗതാല മകനെ പുറത്താക്കി; ഐഎന്‍എല്‍ഡിയില്‍ പൊട്ടിത്തെറി

ചണ്ഡിഗഡ് ∙ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവ് ഓം പ്രകാശ് ചൗതാല, മകന്‍ അജയ് സിങ്ങിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അജയ് സിങ്ങിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഒഴിവാക്കിയത്.

ചൗതാലയുടെ ഇളയ മകന്‍ അഭയ് സിങ് ചൗതാലയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി സംസ്ഥാന മേധാവി അശോക് അറോറയാണ് തീരുമാനം പ്രഖ്യാപിച്ചത്. തിഹാര്‍ ജയിലില്‍നിന്ന് ചൗതാല അയച്ച കത്തു വായിക്കുക മാത്രമാണു താന്‍ ചെയ്യുന്നതെന്ന് അശോക് അറോറ പറഞ്ഞു. പരോളില്‍ കഴിയുന്ന അജയ് ചൗതാല ഹരിയാനയിലെ ജിന്ധില്‍ 17-നു രാഷ്ട്രീയ റാലി വിളിച്ചുകൂട്ടിയിട്ടുണ്ട്. 

പാര്‍ട്ടിയില്‍ കഴിഞ്ഞ കുറേ നാളുകളായി നിലനില്‍ക്കുന്ന വിഭാഗീയതയാണ് നടപടിയിലേക്കു നയിച്ചത്. അഴിമതിക്കേസില്‍ ഓം പ്രകാശ് ചൗതാലയും മൂത്തമകന്‍ അജയ് സിങും ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ ഇളയ മകന്‍ അഭയ് സിങാണു പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കുന്നത്.

അജയ് ചൗതാലയുടെ മക്കളായ ഹിസാര്‍ എംപി ദുഷ്യന്ത് ചൗതാലയെയും സഹോദരന്‍ ദിഗ്‌വിജയ് ചൗതാലയെയും ഈ മാസം ആദ്യം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. കുടുംബവഴക്കു രൂക്ഷമായതോടെ ഹരിയാനയിലെ പ്രധാനപ്രതിപക്ഷമായ ഐഎന്‍എല്‍ഡി പിളര്‍പ്പിന്റെ വക്കിലാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.