രൂപ നില മെച്ചപ്പെടുത്തി; ഇന്ത്യൻ വിപണിയിൽ വ്യാപാരത്തിന് നല്ല തുടക്കം

കൊച്ചി ∙ ഓഹരി വിപണിയിൽ ഇന്നലെയുണ്ടായ മികച്ച ക്ലോസിങ്ങിനു ചുവടു പിടിച്ച് ഇന്നത്തെ വ്യാപാര ആരംഭവും മികച്ചതായി. വിപണിയിൽ ഇപ്പോഴും മെച്ചപ്പെട്ട നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ 10582ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്ന് 10593.85ൽ ഓപ്പൺ ചെയ്തു. സെൻസെക്സ് ഇന്നലെ 35144ൽ ക്ലോസ് ചെയ്തെങ്കിൽ ഇന്ന് 35330.14നാണ് വ്യാപാരം ആരംഭിച്ചത്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് തുടരുന്നതും ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തിയതും ഇന്ത്യൻ ഓഹരി വിപണിക്കു നേട്ടമായി പ്രതിഫലിക്കുന്നുണ്ട്. അതേസമയം യുഎസ് വിപണി നെഗറ്റീവായി ഇന്നലെ ക്ലോസ് ചെയ്തപ്പോൾ യൂറോപ്യൻ വിപണി പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻ വിപണിയിൽ നിലവിൽ സമ്മിശ്ര പ്രതികരണമാണ്.

നിഫ്റ്റി ഇന്ന് 10600ന് മുകളിൽ ക്ലോസിങ് ലഭിച്ചാൽ വരുന്ന ഏതാനും ദിവസങ്ങൾ കൂടി ഈ പോസിറ്റീവ് പ്രവണത നീണ്ടുനിൽക്കുമെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തി. 10600 – 10650–10680 ആണ് ഇന്ന് പ്രതീക്ഷിക്കുന്ന റെസിസ്റ്റൻസ് ലവൽ. അതേ സമയം 10600ന് ചുവട്ടിലാണു വ്യാപാരം പുരോഗമിക്കുന്നതെങ്കിൽ വിൽപന പ്രവണത പ്രകടമായേക്കാം. അങ്ങനെ വന്നാൽ 10550–10520 ആയിരിക്കും ഇന്നത്തെ സപ്പോർട് ലവൽ. 

വിപണിയിൽ ഇന്ന് 7 സെക്ടറുകൾ പോസിറ്റീവ് പ്രവണതയും 4 സെക്ടറുകൾ വിൽപന പ്രവണതയുമാണ് പ്രകടിപ്പിക്കുന്നത്. പബ്ലിക് സെക്ടർ ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി തുടങ്ങിയ സെക്ടറുകളാണ് ലാഭത്തിലുള്ളതെങ്കിൽ ഐടി, ഫാർമ, മീഡിയ സെക്ടറുകൾ വിൽപന പ്രവണതയിലാണ്. ഐടി സെക്ടറിനു മാത്രം ഇന്ന് 2.92% ഇടിവുണ്ടായിട്ടുണ്ട്. രൂപയ്ക്കുണ്ടായ മൂല്യവർധനയാണ് ഐടി സെക്ടറിനെ പിന്നോട്ടടിച്ചതിൽ ഒരു പ്രധാന കാരണം.

വിപണിയിൽ 811 സ്റ്റോക്കുകൾ ലാഭത്തിൽ വ്യാപാരം പുരോഗമിക്കുമ്പോൾ 788 സ്റ്റോക്കുകൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹിന്ദുസ്ഥാൻ പെട്രോ, ബിപിസിഎൽ, ഐഒസി ഷെയറുകളാണ് വിപണിയിൽ നിലവിൽ പോസിറ്റീവ് പ്രവണതയിലുള്ളത്. അതേ സമയം സൺ ഫാർമ, എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, ഇൻഫോസിസ് സ്റ്റോക്കുകൾ നഷ്ടത്തിലാണുള്ളത്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് ഓയിൽ കമ്പനികൾക്ക് വിപണിയിൽ മികച്ച ലാഭം നൽകുന്നുണ്ട്. 

ഡോളറിനെതിരെ ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തുന്നതായാണ് കാണുന്നത്. ഇന്നലെ 72.67ൽ ക്ലോസ് ചെയ്ത രൂപ ഇപ്പോൾ 72.13ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിൽ വിലയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കനത്ത ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ മൂന്നിനു ശേഷമുണ്ടായ ഇടിവു പ്രവണതയ്ക്കു ചുവടു പിടിച്ച് ക്രൂഡോയിൽ വിലയിൽ 29.38 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.