ശബരിമല തീര്‍ഥാടക പാസ്: പൊലീസില്‍ ആശയക്കുഴപ്പം; നിര്‍ദേശം ഇല്ലെന്ന് സ്റ്റേഷന്‍ ഓഫിസര്‍മാര്‍

തിരുവനന്തപുരം ∙ ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പാസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് പൊലീസില്‍ ആശയക്കുഴപ്പം. പാസ് ആന്വേഷിച്ച് സ്റ്റേഷനിലെത്തിയവരോട് മുകളില്‍നിന്ന് ഇതു സംബന്ധിച്ച നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചില സ്റ്റേഷന്‍ ഓഫിസര്‍മാര്‍ അറിയിച്ചത്.

എന്നാല്‍ കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നതായി പാസ് വിതരണത്തിന്റെ ചുമതലയുള്ള ഐജി പി.വിജയന്‍ പറഞ്ഞു. ഇതിനുള്ള പ്രത്യേക മാതൃക എല്ലാ സ്റ്റേഷനിലും അയച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിയുടെ റജിസ്റ്റര്‍ നമ്പറും യാത്രക്കാരുടെ പേരും മേല്‍വിലാസവുമാണ് പാസില്‍ രേഖപ്പെടുത്തുന്നത്.

തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കുന്നതിനാണ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുളള തീര്‍ഥാടകര്‍ അവരവരുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലാണ് പാര്‍ക്കിംഗ് പാസിനായി അപേക്ഷിക്കേണ്ടത്.

യാത്രചെയ്യുന്ന ദിവസം ഉള്‍പ്പെടെ വ്യക്തമാക്കിയുളള പാസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിക്കണം. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി കാത്തിരിക്കേണ്ടി വരുകയോ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് വഴി തിരിച്ചുവിടുകയോ ചെയ്യും. പരിമിതമായ സൗകര്യം മാത്രമുളള നിലയ്ക്കലില്‍ പാര്‍ക്കിംഗ്  ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് പോലീസ് അറിയിച്ചു.