Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറ കണ്ണുകളെ വെട്ടിക്കാനാകില്ല; ശബരിമലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

sabarimala-police-camera ക്യാമറകളിലെ നീക്കങ്ങൾ സൽസമയം നിരീക്ഷിക്കുന്ന കൺട്രോൾ റൂം.

നിലയ്ക്കൽ∙ ശബരിമലയിൽ കർശന നിരീക്ഷണവുമായി പൊലീസിന്റെ ക്യാമറാ കണ്ണുകൾ. ചാലക്കയം മുതൽ സന്നിധാനം വരെ 102 ക്യാമറകളും നിലയ്ക്കലിൽ 14 ക്യാമറകളുമാണു മണ്ഡലകാലത്തു സജ്ജമാക്കിയിരിക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെ രണ്ടു വർഷം മുൻപു തന്നെ ക്യാമറകൾ സ്ഥാപിച്ചിരുന്നു. പ്രളയത്തിൽ ഇതിൽ കുറച്ചു നശിച്ചിരുന്നു. ഫൈബർ കേബിളുകളിലും നാശം സംഭവിച്ചിരുന്നു. ഇവയൊക്കെ പൂർണ സജ്ജമാക്കിയാണ് ഈ സീസണിൽ ക്യാമറാ ശൃംഘല ശക്തമാക്കിയത്.

ഹൈ ഡെഫനിഷൻ നൈറ്റ് വിഷൻ ക്യാമറ ദൃശ്യങ്ങൾ 60 ദിവസത്തേക്കു സൂക്ഷിച്ചു വയ്ക്കാൻ സെർവർ സംവിധാനവുമുണ്ട്. 2 കോടി രൂപയുടെ പദ്ധതിയാണ് ചാലക്കയം മുതൽ സന്നിധാനം വരെ നടപ്പാക്കുന്നത്. 75 ലക്ഷം രൂപയാണു നിലയ്ക്കലിൽ ആദ്യ ഘട്ടത്തിന്റെ ചെലവ്. തിരക്കു നിയന്ത്രിക്കുന്നതിനടക്കം സഹായകരമാകുംവിധമാണു ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിലെ സമ്പൂർണ ഇരുട്ടിലും വ്യക്തമായി കാണാൻ സാധിക്കുന്നതു മൃഗങ്ങളുടെ സഞ്ചാരവും നിരീക്ഷിക്കാൻ സഹായകരമാണ്. വൈപ്പർ സംവിധാനമുള്ള ക്യാമറ മഴയും മഞ്ഞുമുള്ള സമയത്തും വ്യക്തമായ ദൃശ്യങ്ങൾ പകർത്തും.

പമ്പയിലും ശബരിമലയിലും നിലയ്ക്കലിലും കൺട്രോൾ റൂമുകളുണ്ട്. കൂടാതെ ലൈവ് സ്ട്രീമിങ്ങിനുള്ള സൗകര്യവുമുണ്ട്. ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റിയാണു സിസിടിവി സംവിധാനത്തിന്റെ പ്രത്യേകത. നിലയ്ക്കലിൽ മാസ്റ്റർ പ്ലാനിന്റെ കൂടെ അടുത്ത ഘട്ടത്തിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ ക്യാമറകൾ (എഎൻപിആർ) അടക്കം സജ്ജമാക്കും. കെൽട്രോൺ വഴി പദ്ധതി നടപ്പാക്കുന്നതു പുണെ ആസ്ഥാനമായ അമേരിക്കൻ കമ്പനി ഹണിവെൽ ഓട്ടോമേഷൻ ലിമിറ്റഡാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അടക്കം സിസിടിവി ശൃംഖല സ്ഥാപിച്ചിരിക്കുന്നതു ഹണിവെൽ ആണ്.