ഹരികുമാര്‍ വീട്ടിലെത്തിയതെങ്ങനെ; സിസിടിവി ക്യാമറകള്‍ പരിശോധിക്കാതെ പൊലീസ്

തിരുവനന്തപുരം ∙  ഡിവൈഎസ്പി ബി.ഹരികുമാര്‍ വീട്ടിലെത്തിയത് ആ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരിക്കുമോ? ഈ ചോദ്യമാണ് കല്ലമ്പലത്തെ നാട്ടുകാര്‍ക്ക് ഇനിയും ബാക്കിയുള്ളത്.

നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ പോയ ഡിവൈഎസ്പി ബി.ഹരികുമാര്‍ സ്വന്തം വീട്ടില്‍ ജീവനൊടുക്കി മൂന്നു ദിവസം കഴിഞ്ഞിട്ടും വീട്ടിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിട്ടില്ല. വീടിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായാല്‍ ഹരികുമാര്‍ വീട്ടിലെങ്ങനെയെത്തി എന്ന ചോദ്യത്തിന് മറുപടി ലഭിച്ചേക്കും.

എന്നാല്‍ വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ തുടരുന്നതിനാലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാത്തതെന്നാണ് പൊലീസ് നല്‍കുന്ന മറുപടി. കുറച്ചുനാളായി വീട്ടില്‍ ആള്‍താമസമില്ലാതിരുന്നതിനാല്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതുമൂലം ക്യാമറ പ്രവര്‍ത്തിച്ചിരുന്നോയെന്ന് വ്യക്തമല്ല. വീട്ടിലെ ക്യാമറയില്ലെങ്കിലും സമീപത്തുള്ള വഴികളിലെ ക്യാമറ ദൃശ്യങ്ങളും സഹായകമാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ജനറേറ്റര്‍ കൊണ്ടുവന്നാണ് വെളിച്ചമൊരുക്കിയത്. 

ഉയരമുള്ള ഗേറ്റും മതിലുമുള്ള വീട്ടുവളപ്പില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഹരികുമാര്‍ എങ്ങനെ എത്തിയെന്നത് ദുരൂഹമാണ്. പൊലീസ് നിരീക്ഷണത്തിലുള്ള വീട്ടില്‍ പ്രതി തിരികെയെത്തിയിട്ടും പൊലീസ് അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ബാക്കിയാണ്. കല്ലമ്പലം സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഹരികുമാറിന്റെ വീട്. ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പി സി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.