‘ശരിയാണ് പാക്കിസ്ഥാന് കശ്മീർ ആവശ്യമില്ല’; അഫ്രീദിയെ പിന്തുണച്ച് രാജ്നാഥ് സിങ്

ഷാഹിദ് അഫ്രീദി, രാജ്നാഥ് സിങ്

ന്യൂഡൽഹി∙ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പറഞ്ഞതിനെ പിന്തുണച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകൾ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീർ പാക്കിസ്ഥാന് ആവശ്യമില്ലെന്നായിരുന്നു അഫ്രീദിയുടെ വാക്കുകൾ. അഫ്രീദി പറഞ്ഞത് വളരെ ശരിയാണ്. സ്വന്തം രാജ്യം തന്നെ കൈകാര്യം ചെയ്യാൻ പാക്കിസ്ഥാനാകുന്നില്ല. പിന്നെ അവർക്കെങ്ങനെ കശ്മീർ നോക്കിനടത്താനാകും? കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും.– രാജ്നാഥ് സിങ് പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പുരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ലണ്ടനിലെ ബ്രിട്ടിഷ് പാർലമെന്റിൽ വിദ്യാർഥികളോടു സംസാരിക്കവെയാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് നായകനായ ഷാഹിദ് അഫ്രീദി കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉപദേശം നൽകിയത്. രാജ്യത്തെ ഐക്യത്തോടെ നിലനിർത്തുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു. വിഘടന വാദികളില്‍നിന്നു സംരക്ഷിക്കാനും സാധിക്കുന്നില്ല. കശ്മീരിൽ ജനങ്ങൾ‌ മരിക്കുന്നതു കാണുമ്പോൾ വേദനയുണ്ട്. കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല. അതുപോലെ ഇന്ത്യയ്ക്കും നൽകരുത്. കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാകാന്‍ അനുവദിക്കുക– ഇതായിരുന്നു താരത്തിന്റെ ആവശ്യം. അഫ്രീദിയുടെ പ്രസംഗം പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി.

അതേസമയം, തന്റെ വാക്കുകൾ ഇന്ത്യൻ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന ആരോപണവുമായി അഫ്രീദി രംഗത്തുവന്നു. തന്റെ രാജ്യത്തെക്കുറിച്ചു തനിക്ക് വികാരങ്ങളുണ്ടെന്നും കശ്മീരികളുടെ പോരാട്ടങ്ങളിൽ താൻ മൂല്യം കൽപ്പിക്കുന്നതായും അഫ്രീദി ട്വിറ്ററിൽ കുറിച്ചു. മാനവികത വിജയിക്കണമെന്നും കശ്മീരികൾക്കു നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.