കാറ്റുപോലും ചലിക്കാത്ത സാഹചര്യം: ഹർത്താലിനെതിരെ തുറന്നടിച്ച് ഹൈക്കോടതി ജഡ്ജി

ഇടുക്കി ∙ ഹർത്താലിനെതിരെ തുറന്നടിച്ച് ഹൈക്കോടതി ജഡ്ജി ദാമാ ശേഷാദ്രി നായിഡു. ഹർത്താൽ ദിനത്തിൽ കാറ്റുപോലും ചലിക്കാത്ത ബുദ്ധിശൂന്യമായ സാഹചര്യമാണ് കേരളത്തിലുള്ളത്. കൃത്യമായ വിവരം ലഭ്യമല്ലെങ്കിൽപോലും ഹർത്താലെന്നു കേട്ടാൽ കേരളത്തിലെ തെരുവുകൾ ശൂന്യമാകും. ഹർത്താലിന്റെ പേരിൽ ജനങ്ങളെ തടയുന്നതിനാൽ ഒട്ടേറെപ്പേരാണ് ബുദ്ധിമുട്ടുന്നത്.

ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ ഒത്തുകൂടി പ്രതിഷേധം അറിയിക്കുന്ന അമേരിക്കയിലെയും മറ്റും രീതി അനുകരണീയമാണ്. അവിടങ്ങളിൽ ആരെയും തടയുന്നില്ലെന്നും ശേഷാദ്രി നായിഡു വ്യക്തമാക്കി. ഇടുക്കി കട്ടപ്പനയിൽ അഡീഷനൽ കോർട്ട് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശനിയാഴ്ച രാവിലെ കട്ടപ്പന കോടതിയിലേക്കു പോയ അഡ്വക്കേറ്റ് ക്ലർക്ക് ശ്യാംകുമാറിനെ ഹർത്താലനുകൂലികൾ മർദിച്ചിരുന്നു. പരുക്കേറ്റ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.