ഇനിയെങ്കിലും റഫാലിനെപ്പറ്റി സംസാരിക്കാമോ: മോദിയെ വെല്ലുവിളിച്ച് ചിദംബരം

പി. ചിദംബരം

ന്യൂഡൽഹി ∙ നെഹ്റു കുടുംബത്തെയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുൻ ധനമന്ത്രി പി.ചിദംബരം. നെഹ്‌റു– ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസ് അധ്യക്ഷരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാണു ചിദംബരം മോദിക്കു മറുപടി നൽകിയത്. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പു പ്രചാരണറാലിയിൽ പ്രസംഗിക്കുമ്പോഴാണു മോദി, കോൺഗ്രസിലെ കുടുംബാധിപത്യത്തെ വിമർശിച്ചത്. ഇതിനു മറുപടിയായി, സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് രാജ്യത്തിനു സംഭാവന ചെയ്ത നേതാക്കളുടെ പട്ടിക ചിദംബരം ട്വീറ്റ് ചെയ്യുകയായിരുന്നു.

‘അംബേദ്കർ, ലാൽ ബഹാദൂർ ശാസ്ത്രി, കെ.കാമരാജ്, മൻമോഹൻ സിങ് തുടങ്ങി ആയിരക്കണക്കിനു നേതാക്കൾ കോൺഗ്രസുകാരാണ്. 1947 നു ശേഷം ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് ഠണ്ഡൻ, യു.എൻ.ധേബാർ, സഞ്ജീവ റെഡ്ഡി, സഞ്ജീവയ്യ, കാമരാജ്, നിജലിംഗപ്പ, സി.സുബ്രഹ്മണ്യൻ, ജഗ്ജീവൻ റാം, ശങ്കർ ദയാൽ ശർമ, ഡി.കെ.ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി, പി.വി.നരസിംഹ റാവു, സീതാറാം കേസരി തുടങ്ങിയവർ കോൺഗ്രസ് പ്രസിഡന്റുമാരായിരുന്നു’ – മോദിയെ ചിദംബരം ഓർമിപ്പിച്ചു.

പ്രധാനമന്ത്രി ഉന്നയിച്ച സംശയങ്ങൾക്കു മറുപടി കിട്ടിയ സ്ഥിതിക്കു റഫാൽ യുദ്ധവിമാന ഇടപാട്, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ, സ്ത്രീകൾ‌ക്കും കുട്ടികൾക്കും എതിരായ പീഡനങ്ങൾ, ആന്റി റോമിയോ സ്ക്വാഡ്, ഭീകരാക്രമണം, ഗോ സംരക്ഷണ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാൻ മോദി തയാറാവുമോയെന്നു വെല്ലുവിളിച്ചാണു ചിദംബരം ട്വീറ്റുകൾ അവസാനിപ്പിച്ചത്.