ഐഎസ് മാതൃകയിൽ ഹിസ്ബുൽ ക്രൂരത വിഡിയോയിൽ; ഇരയായത് കശ്മീർ വിദ്യാർഥി

വിദ്യാർഥിയെ ഭീകരർ കൊലപ്പെടുത്തുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നു (വിഡിയോ ദൃശ്യം)

ശ്രീനഗർ∙ സൈന്യത്തിനു വിവരം ചോർത്തിക്കൊടുത്തെന്ന പേരിൽ സ്കൂൾ വിദ്യാർഥിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ മറ്റൊരു ചെറുപ്പക്കാരനെയും ഭീകരർ വധിച്ചു. കഴുത്തറുത്തു കൊന്ന നിലയിൽ കുൽഗാം സ്വദേശി ഹുസെയ്ഫ് അഷറഫിന്റെ (19) മൃതദേഹമാണു തെക്കന്‍ കശ്മീരിൽ ഷോപിയാൻ ജില്ലയിലെ ഹെർമേം ഗ്രാമത്തിലെ ഒരു തോട്ടത്തിൽ കണ്ടെത്തിയത്.

ഹിസ്ബുൽ മുജാഹിദീനാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിയെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തുന്ന വിഡിയോ കൂടി പുറത്തുവന്നതോടെ താഴ്‍‌വരയിൽ പ്രതിഷേധവും ശക്തമായി. അതിനിടെ മൂന്നാമതൊരു ചെറുപ്പക്കാരനെക്കൂടി ഭീകരർ തട്ടിക്കൊണ്ടു പോയി. ഞായറാഴ്ച രാവിലെ ഷോപിയാനിലെ മീമന്ദറിലായിരുന്നു സംഭവം. സുഹൈൽ അഹമ്മദ് എന്ന യുവാവിനെയാണു തട്ടിക്കൊണ്ടു പോയത്.

വ്യാഴാഴ്ചയാണ് പതിനേഴുകാരനായ വിദ്യാർഥിയെ ഹിസ്ബുൽ ഭീകരർ തട്ടിക്കൊണ്ടു പോയത്. എന്നാൽ തട്ടിക്കൊണ്ടു പോയതല്ലെന്നും വിദ്യാർഥിയെ അവർ വിളിച്ചു വരുത്തിയതാണെന്നുമാണു വീട്ടുകാർ പറയുന്നത്. അവരെ കണ്ടിട്ടു വരാമെന്നു പറഞ്ഞാണു വിദ്യാർഥി പോയത്. എന്നാൽ തിരിച്ചുകിട്ടിയതു മൃതദേഹമാണെന്നും വീട്ടുകാർ വിലപിക്കുന്നു.

വിഡിയോയിൽ കൈ കെട്ടിയ നിലയിലായിരുന്നു വിദ്യാർഥി. തങ്ങളിലൊരാളെ എന്തിനാണ് ഒറ്റുകൊടുത്തതെന്നു ഭീകരരിൽ ഒരാൾ ചോദിക്കുന്നുണ്ട്. അയാൾ കൊല്ലപ്പെട്ടതിനു കാരണം വിദ്യാർഥിയാണെന്നും പറയുന്നു. ഇതിനു പിന്നാലെയാണു വിദ്യാർഥിക്കു പറയാനുള്ളതു പോലും കേൾക്കാതെ തുടരെ വെടിയുതിർക്കുന്നത്. പുൽവാമ സ്വദേശി നദീം മൻസൂറാണു കൊല്ലപ്പെട്ടതെന്നാണു വിവരം. തട്ടിക്കൊണ്ടു പോകുന്നവരെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഇതാദ്യമായാണ് ഹിസ്ബുൽ മുജാഹിദീൻ കശ്മീരിൽ പുറത്തുവിടുന്നത്.

ഈ വിഡിയോ സമൂഹമാധ്യമങ്ങളിലും വൻതോതിൽ പ്രചരി‍പ്പിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ മാതൃകയിലുള്ള ഈ രീതി കശ്മീരിൽ ഹിസ്ബുൽ ആദ്യമായാണു നടത്തുന്നത്. രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ഉൾപ്പെടെ ഒട്ടേറെപ്പേർ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.

കശ്മീരിലെ വിവിധ ജില്ലകളിൽ നിന്നായി ഇതിനോടകം അഞ്ചു സാധാരണക്കാരെയാണു ഭീകരർ തട്ടിക്കൊണ്ടു പോയത്. ഒരാളെ കൊലപ്പെടുത്തി, രണ്ടു പേരെ വിട്ടയച്ചു. ശേഷിക്കുന്നവരുടെ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ സുരക്ഷിതരാണെന്നു സൂചനയുണ്ട്. ഹുസെയ്ഫ് ഉൾപ്പെടെ മൂന്നു പേരെ സാദിപോറയിൽ നിന്നാണു തട്ടിക്കൊണ്ടു പോയത്. നദീമിന്റെയും ഹുസെയ്ഫിന്റെയും മരണത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഞായറാഴ്ച ഷോപിയാനിലുണ്ടായ വെടിവയ്പിൽ രണ്ടു ഭീകരരെ പൊലീസ് വെടിവച്ചു കൊന്നു. അൽ–ബാദർ സംഘടനയിൽപ്പെട്ടവരാണു കൊല്ലപ്പെട്ടത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണു സൈനപോറ സ്വദേശി നവാസ് അഹമ്മദ്, പുൽവാമ സ്വദേശി യാവർ വാനി എന്നിവർ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും നേരെ പലപ്പോഴായി ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ട രണ്ടു ഭീകരരെന്നും പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.