കലാപരിപാടികൾ, മട്ടന്നൂരിന്റെ മേളം; കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിന് വൻ ഒരുക്കം

കണ്ണൂർ വിമാനത്താവളത്തിലെ ഹാൾ.

കണ്ണൂര്‍ ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൻ ആഘോഷമാക്കാൻ തയാറെടുപ്പ്. ഉദ്ഘാടന ദിവസം പ്രധാന വേദിയില്‍ രാവിലെ എട്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഒൻപതിന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നടക്കും. 10 മുതലാണ് ഉദ്ഘാടന ചടങ്ങ്. ആദ്യ വിമാനത്തില്‍ പോകുന്ന യാത്രക്കാരെ വായന്തോട് ജംക്ഷനില്‍നിന്ന് പ്രത്യേക വാഹനത്തിൽ വിമാനത്താവളത്തിലെത്തിക്കും.

രാവിലെ 6.30ന് ഇവരോട് വായന്തോട് എത്താന്‍ നിര്‍ദേശിക്കും. ടെര്‍മിനല്‍ കെട്ടിടത്തില്‍ ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് വരവേല്‍പ് നല്‍കും. ഏഴു മുതല്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യുമെന്നും എയർപോർട്ട് മാനേജിങ് ഡയറക്ടർ വി.തുളസീദാസ് അറിയിച്ചു. ഡിസംബര്‍ ഏഴിന് മട്ടന്നൂരില്‍ വിപുലമായ വിളംബര ഘോഷയാത്ര നടത്തും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവരെ വിമാനത്താവളത്തിൽ എത്തിക്കാന്‍ 60 ബസുകളാണ് ഏർപ്പാടാക്കുക. ഉദ്ഘാടന ദിവസം ഗതാഗത കുരുക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്തു നിന്നുള്ളവ മട്ടന്നൂര്‍ ഹൈസ്‌കൂൾ, പോളി ടെക്‌നിക് എന്നിവിടങ്ങളിലും പാര്‍ക് ചെയ്യണം. ഇവിടെ നിന്നും മട്ടന്നൂര്‍ ബസ് സ്റ്റാൻഡില്‍ നിന്നും ആളുകളെ പ്രത്യേക ബസുകളിലായിരിക്കും വിമാനത്താവളത്തിലേക്ക് എത്തിക്കുക. ഇതിനായി 40 കെഎസ്ആര്‍ടിസി ബസുകളും 20 സ്വകാര്യ ബസുകളും ഏർപ്പെടുത്തും. വായന്തോട് നിന്ന് 40ഉം മറ്റ് രണ്ടിടത്തുനിന്നും 10 വീതവും ബസുകളായിരിക്കും സര്‍വീസ് നടത്തുക. അഞ്ചു മിനിറ്റ് ഇടവിട്ട് ബസ് സര്‍വീസ് ഉണ്ടാകും. ഇതിനു യാത്രക്കാരില്‍നിന്ന് ചാര്‍ജ് ഈടാക്കില്ല. രാവിലെ ഏഴു മുതല്‍ 10 വരെയും ഉദ്ഘാടനം കഴിഞ്ഞു തിരിച്ചും ബസ് സര്‍വീസ് ഉണ്ടാകും.

കിയാലിന്റെ പാസുള്ള സ്വകാര്യ വാഹനങ്ങള്‍ മാത്രമേ വിമാനത്താവള പരിസരത്തേക്കു കടത്തിവിടൂ. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കു കുടിവെള്ള സൗകര്യം ഒരുക്കാനും യോഗം നിര്‍ദേശിച്ചു. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ.പി.ലത, എംപിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, മട്ടന്നൂര്‍ നഗരസഭ ചെയര്‍പഴ്‌സണ്‍ അനിത വേണു, വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.