ഓഹരി വിപണിയിൽ ഇടിവ്; രൂപയുടെ നില മെച്ചപ്പെട്ടു

പ്രതീകാത്മക ചിത്രം

കൊച്ചി ∙ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഓഹരി വിപണിയിൽ ഇടിവോടെ ഓപ്പൺ ചെയ്ത സെൻസെക്സും നിഫ്റ്റിയും ക്ലോസിങ്ങിലും അതേ പ്രവണത തന്നെ പ്രകടമാക്കി. നിഫ്റ്റി 107.20 പോയിന്റ് ഇടിവിൽ 10656.20നാണ് ക്ലോസ് ചെയ്തത്. സെൻസെക്സാകട്ടെ 300.37 പോയിന്റ് ഇടിവോടെ 35474.51ലാണ് ക്ലോസ് ചെയ്തത്. ഇന്നലെ 35774.88 പോയിന്റ് എന്ന മികച്ച ക്ലോസിങ് ലഭിച്ച സെൻസെക്സ് ഇന്ന് രാവിലെ 35730.77 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 10740.10ലായിരുന്നു വ്യാപാരാരംഭം. രാജ്യാന്തര വിപണിയിൽ ടെകനോളജി സ്റ്റോക്കുകളിലെ ഇടിവ് നൽകിയ വിൽപന സമ്മർദത്തിൽ ഏഷ്യൻ മാർക്കറ്റുകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 

ഇന്ന് റിയൽറ്റി സെക്ടറൊഴികെയുള്ള എല്ലാ സെക്ടറുകളും നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽസ്, പബ്ലിക് സെക്ടർ ബാങ്ക്സ്, ഫാർമ, ഐടി സെക്ടറുകളാണ് ഏറ്റവും അധികം നഷ്ടം നേരfട്ട സെക്ടറുകൾ. 481 സ്റ്റോക്കുകൾ മാത്രം നേരിയ ലാഭത്തിൽ ക്ലോസ് ചെയ്തപ്പോൾ 1265 സ്റ്റോക്കുകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഗെയിൽ, അദാനി പോർട്സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് സ്റ്റോക്കുകളാണ് പോസിറ്റീവ് പ്രവണത കാണിച്ചത്. യെസ് ബാങ്ക്, ഹിന്ദാൽകോ, ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ്, ഡോ. റെഡ്ഡി സ്റ്റോക്കുകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 

വരും ദിവസം 10600ന് താഴെ നിഫ്റ്റി വ്യാപാരം ഉണ്ടായാൽ മാത്രമേ വിപണി വിൽപന സമ്മർദത്തിലാകൂ എന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 10640–10600 ആയിരിക്കും നാളത്തെ സപ്പോർട്ട് ലവൽ. രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചുള്ള ലാഭമെടുക്കൽ മാത്രമാണ് ഇന്ന് വിപണിയിൽ ദൃശ്യമായത് എന്നാണ് വിലയിരുത്തൽ. 10680–10720–10775 എന്ന റെസിസ്റ്റൻസ് ലവലാണ് നാളെ നിഫ്റ്റിയിൽ പ്രതീക്ഷിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 71.64ന് ക്ലോസ് ചെയ്ത രൂപ 71.46നാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡ് ഓയിലിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. 

ഇന്നലെ വിപണി ക്ലോസ് ചെയ്തശേഷം പുറത്തുവന്ന ആർബിഐ ബോർഡ് യോഗ തീരുമാനങ്ങളാണ് ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകുന്നത്. ബാങ്കുകൾക്ക് ബാസെൽ 3 നോംസ് ആരംഭിക്കുന്നതിനുള്ള സമയം ഒരു വർഷത്തേക്കു നീട്ടി വച്ചിട്ടുണ്ട്. അത് പിഎസ്‍യു ബാങ്കുകൾ ഉൾപ്പടെ പല ബാങ്കുകൾക്കും ആശ്വാസകരമായ തീരുമാനമാണ്. ആർബിഐ ക്യാപിറ്റൽ സ്ട്രക്ചർ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാൻ പുറത്തു നിന്നുള്ള കമ്മറ്റിയെ നിയോഗിക്കാനും ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കു നൽകിയിട്ടുള്ള ലോണുകൾ റീ സ്ട്രക്ചർ ചെയ്യുന്നതിനു സമയം അനുവദിക്കാനും തീരുമാനം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഇന്ത്യൻ വിപണി പോസിറ്റീവായാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയിലുണ്ടായ ഇടിവ് ഇന്ത്യൻ വിപണിയിൽ അത്രതന്നെ ബാധിച്ചിട്ടില്ല. എന്നാൽ മിക്ക സെക്ടറുകളും വിൽപന സമ്മർദം നേരിടുകയും ചെയ്തു. ഐടി, മെറ്റൽ സെക്ടറുകളിലുള്ള സ്റ്റോക്കുകളിലാണ് യുഎസ് വിപണിയിൽ ഒരു ശതമാനത്തിനു മുകളിലുള്ള ഇടിവ് പ്രകടമായത്.